സെക്രട്ടേറിയറ്റിൽ സമഗ്ര പരിഷ്കാരം വരുന്നു; പഠിക്കാൻ വി.എസ്. സെന്തിൽ അധ്യക്ഷനായ സമിതി

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ സമഗ്ര പരിഷ്കരണത്തിന് സർക്കാർ ഒരുങ്ങുന്നു. വിവിധ റിപ്പോർട്ടുകളിലെ ശിപാർശകളെല്ലാം ഉൾക്കൊണ്ടാകും മാറ്റം. അനാവശ്യ തസ്തിക ഇല്ലാതാക്കും. ആവശ്യമെന്ന് കണ്ടെത്തിയാൽ പുതിയവ സൃഷ്ടിക്കും. ഇതിന് നിർദേശം സമർപ്പിക്കാൻ വിരമിച്ച മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.എസ്. സെന്തിൽ ചെയർമാനായി സമിതിയെ നിയോഗിച്ചു. ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ട്, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ സെക്രട്ടേറിയറ്റ് റിഫോംസ് റിപ്പോർട്ടുകൾ, ശമ്പള കമീഷൻ ശിപാർശകൾ എന്നിവ പരിഗണിച്ച് മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണം.

പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയാകും കൺവീനർ. രാജാറാം തമ്പി (റിട്ട. അഡീ. സെക്രട്ടറി, പൊതുഭരണ വകുപ്പ്), എൻ.കെ. ശ്രീകുമാർ (റിട്ട. അഡീ. സെക്രട്ടറി, ധനവകുപ്പ്), എൻ.എം. രവീന്ദ്രൻ( അഡീ. സെക്രട്ടറി ധനവകുപ്പ്) എന്നിവരാണ് സമിതി അംഗങ്ങൾ. നിലവിലെ മനുഷ്യവിഭവശേഷി ഉപയോഗിച്ച് ശാസ്ത്രീയ ഭരണപരിഷ്കാരം കൊണ്ടുവരികയാണ് ലക്ഷ്യം. പഠനത്തിന് ഏജൻസിയെ നിയോഗിക്കാൻ നേരത്തേ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

ഉടൻ നടപ്പാക്കേണ്ടവ, സമീപ ഭാവിയിൽ നടപ്പാക്കേണ്ടവ, കൂടുതൽ സമയമെടുത്ത് നടപ്പാക്കേണ്ടവ എന്നിവയെ കുറിച്ച് റിപ്പോർട്ട് നൽകാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിഷ്കരണത്തിന് അനുസൃതമായി സർവിസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങളും ശിപാർശ ചെയ്യണം. ഇലക്ട്രോണിക് ഫയൽ സംവിധാനവും ഇ-സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ വിവിധ പോർട്ടലുകളും നിലവിൽ വന്ന ശേഷം ഏതൊക്കെ തസ്തിക ആവശ്യമില്ലാതായി, ഏതൊക്കെ പുതിയ തസ്തിക വേണം എന്നിവയും വിലയിരുത്തണം. ഇതിനുള്ള ശാസ്ത്രീയ നിർദേശങ്ങളും സെക്രട്ടേറിയറ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങളും നൽകണം. ആവശ്യമായ ഉപദേശ-നിർദേശങ്ങൾക്ക് മാനേജ്മെന്‍റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐ.ഐ.എമ്മിന്‍റെ സേവനം ഉപയോഗിക്കാം. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ മേലുദ്യോഗസ്ഥരുമായും സമിതിക്ക് ചർച്ച നടത്താമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.

Tags:    
News Summary - VS Senthil Committee to study posts in secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.