കെ. സുരേന്ദ്രന് പരോക്ഷ മറുപടിയുമായി വി.ടി ബൽറാം

പാലക്കാട്: കന്നുകാലികളെ അറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമും ബി.ജെപി നേതാവ് കെ. സുരേന്ദ്രനും തമ്മിൽ സോഷ്യൽമീഡിയയിൽ കൊമ്പുകോർക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ബൽറാമിനെതിരെ ഇന്ന് തൃശൂരിൽ കെ. സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇത്തരം നെറികേടിന്റെ പേരിൽ കേരളത്തിലെ ചെറുപ്പക്കാർ എം.എൽ.എയെ എന്തെങ്കിലും ചെയ്താൽ പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാകില്ലെന്നും ഞങ്ങളുടെ ചെറുപ്പക്കാരുടെ ഞരമ്പുകളിൽ ഓടുന്നത് വെള്ളമല്ല, ചോരതന്നെയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാൽ അതേരീതിയിൽ ചെറുപ്പക്കാർ അദ്ദേഹത്തെ കൈകാര്യം ചെയ്തേക്കും. ബൽറാമിന് വാക്കുകൊണ്ടല്ല മറുപടി നൽകേണ്ടതെന്നും അതിനു വേറെ രീതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പരോക്ഷ മറുപടിയായി ബൽറാം ഇന്ന് ഉള്ളിയുടെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റി. ചുമ്മാ തൊലിച്ച്‌ തൊലിച്ച്‌ കളയാമെന്നേയുള്ളുവെന്നും വേറെ പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ലെന്നും അതുകൊണ്ട്‌ തന്നെ മറുപടിയും അർഹിക്കുന്നില്ലെന്നുമുള്ള അടിക്കുറിപ്പോടെയായിരുന്നു ഇത്. ഇതിന് പിന്നലെ മാലിന്യ ജൽപനം തുപ്പക്കോളാമ്പി എന്ന പോസ്റ്റിട്ട് സുരേന്ദ്രൻ തിരിച്ചടിച്ചിട്ടുണ്ട്.
 

കേരളത്തിലും അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ അടച്ചുപൂട്ടണം. ലൈസൻസില്ലാതെ ആയിരത്തോളം അറവുശാലകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ഇതുണ്ടാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മാരകമായ രോഗങ്ങൾ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യപരിശോധനയും നടത്താതെ ചെക്ക് പോസ്ടുകളിൽ കൈക്കൂലി നൽകി ഇങ്ങോട്ടു കടത്തുകയാണ്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ അറുത്തു വിൽക്കുന്നത്. പത്തും ഇരുപതും കാലികളെ കൂട്ടിക്കെട്ടി ലോറികളിൽ കടത്തുന്നവർക്കെതിരെ ഒരു നടപടിയും കേരളത്തിൽ കൈക്കൊള്ളുന്നില്ല. മൃഗങ്ങളെ പീഡിപ്പിക്കാതെയും വേദനയില്ലാതെയുമാണ് ഗൾഫ് രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും കശാപ്പ് ചെയ്യുന്നത്. ഇവിടെ ആർക്കും ഒരു നിയമവും ബാധകമല്ല. എൻ. ജി. ടിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകൾക്ക് ഇവിടെ പുല്ലുവിലയാണ്. ഇത് അധികകാലം തുടരാൻ കഴിയില്ല. കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ പുതിയ ഉത്തരവിനെ കേരളം പോസിററീവ് ആയി കാണണം. അറവുശാലകൾ ആധുനികവൽക്കരിക്കണം. ജന്തുപീഡനനിരോധനനിയമം പാലിച്ചും ആരോഗ്യപരിസ്ഥിതി നിബന്ധനകൾ അനുസരിച്ചും പ്രവർത്തിക്കുന്ന അറവുശാലകൾക്ക് ലൈസൻസ് പുതുക്കി കൊടുക്കണം. അല്ലാത്തവ അടച്ചുപൂട്ടണം. ഇതിനെ രാഷ്ട്രീയമുതലെടുപ്പിനുപയോഗിക്കുന്നവർക്ക് തിരിച്ചടിയായിരിക്കും വരാൻ പോകുന്നത്. ക്യാൻസറും ഹൃദ്രോഗങ്ങളും പ്രമേഹവുമുൾപ്പെടെ കേരളത്തിൽ പടരുന്നതിനെതിരെ ചിന്തിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ മതന്യൂനപക്ഷങ്ങളിലടക്കം ഉണ്ടെന്ന വസ്തുത എല്ലാവരും ഓർക്കുന്നത് നന്ന്.

-കെ.സുരേന്ദ്രൻ

 

Tags:    
News Summary - vt balram against k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.