പാലക്കാട്: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ധാർമികത ഉയർത്തിപ്പിടിച്ചാണെന്ന വാദത്തിനെതിരെ വി.ടി ബൽറാം എം.എൽ.എ. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷനെന്ന് വി.ടി ബൽറാം ചോദിച്ചു. അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എൽ.ഡി.എഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തിൽ കെ.ടി ജലീലിനുണ്ടാകുക എന്നും വി.ടി ബൽറാം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
വി.ടി ബൽറാം പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ഏത് ധാർമ്മികതയേക്കുറിച്ചാണ് കെ ടി ജലീലും സിപിഎമ്മും ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്! ഔദ്യോഗിക നീതിന്യായ സംവിധാനങ്ങൾ തെളിവ് സഹിതം കയ്യോടെ പിടികൂടുമ്പോൾ, രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്താൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ, മറ്റ് നിവൃത്തിയില്ലാതെ ജലീലിന് രാജിവക്കേണ്ടി വന്നതിന് എന്തിനാണിത്ര ഡക്കറേഷൻ?
ജലീൽ ബന്ധുവിന് വേണ്ടി നിയമം ലംഘിച്ച് ഇടപെട്ടു എന്ന് ലോകായുക്ത ഇപ്പോഴാണ് രേഖകളൊക്കെ പരിശോധിച്ച് കണ്ടെത്തിയത് എങ്കിലും ജലീലിനത് നേരത്തേ തന്നെ അറിയാവുന്നതായിരുന്നല്ലോ. ധാർമ്മികത ഉണരേണ്ടിയിരുന്നത് ആ ഘട്ടത്തിലായിരുന്നില്ലേ? ജലീലിൻ്റെ ഇടപെടലിനെ അംഗീകരിക്കുന്ന നിലയിൽ ഫയലിൽ ഒപ്പുവച്ച പിണറായി വിജയനും ഇതൊക്കെ നേരത്തേ തന്നെ അറിയാവുന്ന കാര്യമാണ്. പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ കഴിഞ്ഞ രണ്ട് വർഷമായി ചൂണ്ടിക്കാട്ടുന്നതും ഇതാെക്കെത്തന്നെയായിരുന്നു. എന്നിട്ടും വിമർശനമുന്നയിച്ചവരോട് മുഴുവൻ പുച്ഛവും വെല്ലുവിളിയുമായി നടന്നിരുന്നയാളാണ് മന്ത്രി ജലീൽ. അതിന് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു പിണറായി വിജയനും സിപിഎമ്മും. അനധികൃതമായി ബന്ധുവിനെ നിയമിച്ചതിൽ എന്താണിത്ര തെറ്റ് എന്നായിരുന്നു മറ്റ് സിപിഎം മന്ത്രിമാരുടെ വക്കാലത്ത്. എന്നിട്ടാണിപ്പോ അവരൊക്കെ ധാർമ്മികതയുടെ അവകാശവാദങ്ങളുമായി ഉളുപ്പില്ലാതെ കടന്നു വരുന്നത്.
അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെട്ട് നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന എൽഡിഎഫ് മന്ത്രി എന്ന വിശേഷണമായിരിക്കും ചരിത്രത്തിൽ കെ ടി ജലീലിന്. അദ്ദേഹത്തേപ്പോലൊരാൾ അതിൽ കൂടുതലൊന്നും അർഹിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.