'എന്തിനാണ്‌ ലക്ഷങ്ങൾ ചെലവഴിച്ച് ഈ പ്രഹസനം‍?'; കേരളത്തിലുടനീളം അലഞ്ഞുതിരിഞ്ഞ്‌ നടത്തിയ 'നവകേരള സദസ്സി'ന്‍റെ പുതിയ എപ്പിസോഡാണോ ഈ 'കരുതലും കൈത്താങ്ങു'മെന്ന് ബൽറാം

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികൾ ചെലഴിച്ച്‌ കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ്‌ നടത്തിയ 'നവകേരള സദസ്സി'ന്‍റെ പുതിയ എപ്പിസോഡാണോ ഈ 'കരുതലും കൈത്താങ്ങു'മെന്ന് ബൽറാം ചോദിച്ചു. പരിപാടിയുടെ 'സംസ്ഥാന തല ഉദ്ഘാടന'ത്തിന്‌ 25 ലക്ഷത്തി എൺപത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ്‌ അവിടെ മാത്രം ഇത്ര വലിയ തുകയെന്ന് ബൽറാം ചോദിച്ചു.

പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട്‌ അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചർച്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് ബൽറാം വിമർശനം ആരംഭിച്ചത്. വിവാദമായപ്പോൾ മന്ത്രി പരാമർശം പിൻവലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാർമ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ്‌ ഈ മന്ത്രി ഉൾപ്പെടുന്ന സർക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കൽ പരിപാടിയുടെ ഉത്തരവ്‌ കാണുന്നത്‌.

എന്തൊക്കെ പരാതിക്കാണ്‌ 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട്‌ തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ്‌ ലിസ്റ്റ്‌ സർക്കാർ ഉത്തരവിൽ തന്നെ ഉണ്ട്‌. രസകരമാണ്‌ അതിലെ കാര്യങ്ങളെന്നും ബൽറാം പരിഹസിച്ചു.

വി.ടി. ബൽറാമിന്‍റെ പോസ്റ്റ് പൂർണരൂപം

പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട്‌ അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചർച്ച. വിവാദമായപ്പോൾ മന്ത്രി പരാമർശം പിൻവലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാർമ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ്‌ ഈ മന്ത്രി ഉൾപ്പെടുന്ന സർക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കൽ പരിപാടിയുടെ ഉത്തരവ്‌ കാണുന്നത്‌. മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികൾ ചെലഴിച്ച്‌ കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ്‌ നടത്തിയ "നവകേരള സദസ്സി"ന്റെ പുതിയ എപ്പിസോഡാണെന്ന് തോന്നുന്നു ഈ "കരുതലും കൈത്താങ്ങും" അദാലത്ത്‌.

ഓരോ താലൂക്കിലും ഈ പരിപാടിക്കായി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിക്കുന്നത്‌ മൂന്ന് ലക്ഷം രൂപ വീതമാണ്‌. അതൊരു വലിയ തുകയാണെന്ന് പറയാൻ വയ്യ. എന്നാൽ ഈ പരിപാടിയുടെ 'സംസ്ഥാന തല ഉദ്ഘാടന'ത്തിന്‌ 25 ലക്ഷത്തി എൺപത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ്‌ അവിടെ മാത്രം ഇത്ര വലിയ തുക?

കേരളത്തിൽ 77 താലൂക്കുകളിലും പരിപാടി നടക്കുമ്പോൾ അവിടെയെല്ലാം ഒരേ തരത്തിലുള്ള പരാതിക്കാരാണ്‌ വരാനുള്ളത്‌. എണ്ണവും ഏതാണ്ടൊക്കെ ഒരുപോലെ ആയിരിക്കും എന്നനുമാനിക്കാം. അവർക്കെല്ലാം പന്തലും കസേരയും കുടിവെള്ളവുമൊക്കെയായി ഒരേ സൗകര്യങ്ങളാണ്‌ ഒരുക്കേണ്ടത്‌. അതിൽ ആദ്യം നടക്കുന്ന താലൂക്കിലെ പരിപാടിയെ സംസ്ഥാന തല ഉദ്ഘാടനമായി പ്രഖ്യാപിച്ചാൽ പോരേ?അതല്ലാതെ 23 ലക്ഷത്തോളം രൂപ അവിടെ അധികമായി ചെലവഴിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം എന്തിനാണ്‌. സർക്കാരിന്റെ പിആർ വർക്ക്‌ എന്നതല്ലാതെ പരാതിക്കാരെ സംബന്ധിച്ച്‌ എന്താണ്‌ ഈ സംസ്ഥാന തല ഉദ്ഘാടനത്തിന്‌ പ്രസക്തി?

എന്തൊക്കെ പരാതിക്കാണ്‌ ഈ അദാലത്തിൽ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട്‌ തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ്‌ ലിസ്റ്റ്‌ സർക്കാർ ഉത്തരവിൽ തന്നെ ഉണ്ട്‌. രസകരമാണ്‌ അതിലെ കാര്യങ്ങൾ:

1)സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ല.

2)വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസൽസ്‌ പാടില്ല.

3)വീടില്ലാത്തവരുടെ പരാതികൾ സ്വീകരിക്കില്ല.

4)ജോലിയുമായോ പിഎസ്‌സി റാങ്ക്‌ ലിസ്റ്റുകളിൽ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ല.

5)കർഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങൾക്ക്‌ ആശ്വാസം കിട്ടില്ല.

6)പോലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ല.

7)ഭൂമിക്ക്‌ പട്ടയം കിട്ടാത്തവർക്ക്‌ പരാതിപ്പെടാൻ അവകാശമില്ല.

8)അർഹതയുണ്ടായിട്ടും ഭൂമി തരം മാറ്റിക്കിട്ടാത്തതിനേക്കുറിച്ച്‌ മിണ്ടാനാവില്ല.

9)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു സഹായവും കിട്ടില്ല.

10)എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചികിത്സക്ക്‌ പോലും സഹായാഭ്യർത്ഥനയുമായി അദാലത്തിലേക്ക്‌ ചെല്ലണ്ട.

11)സർക്കാർ ജീവനക്കാർ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴിൽ പീഡനങ്ങളേക്കുറിച്ചോ പരാതിപ്പെടേണ്ട.

12)സ്വന്തം കിടപ്പാടം ജപ്തി ചെയ്യപ്പെട്ട്‌ തെരുവിൽ ഇറങ്ങേണ്ടി വരുന്നവർ പോലും സർക്കാരിൽ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട.

പിന്നെ എന്തിനാണ്‌ ഈ പ്രഹസനം!

Tags:    
News Summary - VT Balram facebook post criticizing Karuthalum kaithangum programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.