കോട്ടയം: അന്തരിച്ച കെ.എം. മാണിയുടെ പ്രതിമ അനാച്ഛാദനത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയപ്പോര്. പാലായിൽ സ്ഥാപിച്ച പ്രതിമയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കുമുമ്പ് 'പൂർണകായ പ്രതിമ സ്റ്റേജിൽനിന്ന് തള്ളിത്താഴെയിട്ട് സ്പീക്കർ ഉദ്ഘാടനം നിർവഹിക്കു'മെന്ന് തൃത്താല എം.എൽ.എ വി.ടി. ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ചർച്ച മുറുകിയത്.
കെ.എം. മാണിക്കെതിരെ ശ്രീരാമകൃഷ്ണൻ അടക്കമുള്ള ഇടത് എം.എൽ.എമാർ നിയമസഭയിൽ നടത്തിയ പ്രതിഷേധത്തിെൻറ ചിത്രം പങ്കിട്ടായിരുന്നു ബൽറാമിെൻറ പരിഹാസം. ജോസ് കെ. മാണി ഇടത്തേക്ക് നീങ്ങിയതോടെ കെ.എം. മാണിക്കെതിരെ എൽ.ഡി.എഫ് നടത്തിയ പ്രചാരണങ്ങളും ആരോപണങ്ങളും യു.ഡി.എഫ് ഉയർത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സി.പി.എമ്മിെൻറ പഴയകാല സമരപോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതിനിടെയാണ് കെ.എം. മാണിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് പാലായിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുമെന്ന പ്രഖ്യാപനമെത്തിയത്.
ഇതോടെ ''കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കിക്കുകയെന്ന് പറയുന്നത് ഇതല്ലേ. കസേര കുറേ മറിച്ചിട്ടെങ്കിലെന്താ, ഒന്നിച്ചേല്ലാ, അതുമതി...'' എന്ന തരത്തിലുള്ള കമൻറുകളും നിറഞ്ഞു. പിന്നാലെയാണ് ബാർകോഴ ആരോപണകാലത്ത് കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധം ഓർമിപ്പിച്ച് പഴയചിത്രം ബൽറാം പങ്കുവെച്ചത്.
ഇതിനെതിരെ, ജീവിച്ചിരുന്ന കാലത്ത് കെ.എം. മാണിയെ ഉപദ്രവിച്ചവർ മരിച്ചിട്ടും വെറുതെവിടുന്നില്ലെന്നുകാട്ടി കേരള കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതോടെ 'പ്രതിഷേധം കനത്തു'. 'മരിച്ചാലും തീരാത്ത പക' എന്ന ഹാഷ്ടാഗിൽ പുതിയതിനൊപ്പം ബൽറാമിെൻറ നേരത്തേയുള്ളവയും ഫേസ്ബുക്ക് കുറിപ്പുകളും ഉൾപ്പെടുത്തി പോസ്റ്റുകളും ഇവർ പുറത്തിറക്കി.
കെ.എം. മാണിയുടെ പ്രതിമ അദ്ദേഹം 54 വർഷക്കാലം തുടർച്ചയായി അംഗമായിരുന്ന കേരള നിയമസഭയുടെ നാഥൻ അനാച്ഛാദനം ചെയ്യുന്നതിൽ അന്ധമായ രാഷ്ട്രീയവൈരം പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധമെന്നാണ് കേരള കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.