തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷം എങ്ങനെ പ്രവർത്തിക്കണമെന്ന് ആർ.എസ്.എസ് ഏജൻറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപദേശിക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. നിങ്ങളുടെ ഉപദേശത്തിനും ഒത്തുകളിക്കുമൊക്കെ നിന്നുതരുന്നയാൾ താമസിക്കുന്നത് കന്റോൺമെന്റ് ഹൗസിലല്ല ക്ലിഫ് ഹൗസിലാണെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ വി.ഡി സതീശന് ഒരു ധാരണയുമില്ലെന്ന് ഗവർണർ വിമർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ പരിഹസിച്ചിരുന്നു.
അഞ്ച് രാഷ്ട്രീയപാർട്ടികളിൽ അലഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നായിരുന്നു വി.ഡി. സതീശൻ ഗവർണർക്ക് നൽകിയ മറുപടി. ജീവശ്വാസം നിലക്കുന്നത് വരേയും താൻ കോൺഗ്രസായി തുടരും. മുതിർന്ന നേതാക്കളോട് താൻ അഭിപ്രായം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണറുടെ ഭരണഘടന ബാധ്യത ചൂണ്ടിക്കാട്ടാൻ സർക്കാറിന് ആയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഘ്പരിവാറിന്‍റെ തിരുവനന്തപുരത്തെ വക്താവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറുമായി വിലപേശിയ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി പദവിക്ക് നിരക്കാത്തതാണ്. ഗവർണറായിരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ യോഗ്യനല്ല. സർക്കാറും ഗവർണറും തമ്മിൽ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.