തൃശൂർ: വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ശരിയല്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. റെഡ്ക്രസന്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. അനിൽ അക്കര എം.എൽ.എ നടത്തുന്നത് രാഷ്ട്രീയ പ്രചാരവേലയാണ്. ലൈഫ് മിഷൻ പ്രകാരമുള്ള പദ്ധതിയാണിത്. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേതെന്നും മന്ത്രി പറഞ്ഞു.
ഫ്ലാറ്റുകൾ പണിത് കൈമാറുകയാണ് റെഡ് ക്രസന്റ് ചെയ്യുന്നത്. സർക്കാരുമായി പണമിടപാടില്ല. അവർ പറയുന്ന ഏജൻസിയാണ് നിർമാണം നിർവഹിക്കുന്നത്. റെഡ്ക്രസന്റിൽ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. സർക്കാർ നിലവിൽ ഇടപെടേണ്ടതില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വടക്കാഞ്ചേരി ചരപ്പറമ്പിൽ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ഫ്ലാറ്റ് നിർമാണമാണ് വിവാദത്തിലായത്. വടക്കാഞ്ചേരി നഗരസഭ അതിര്‍ത്തിയില്‍ നിർമിക്കുന്ന സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസൻറ് എന്ന ഏജന്‍സി നൽകിയെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇടനിലക്കാരിയാണെന്നും ആണ് അനിൽ അക്കര എം.എൽ.എ ആരോപിക്കുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് അദ്ദേഹം കത്ത് നൽകുകയുംചെയ്തു.
2019 ജൂലൈയിൽ തിരുവനന്തപുരത്ത് റെഡ് ക്രസൻറ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുറഹ്മാൻ ബിന്‍ സുല്‍ത്താനാണ് ലൈഫ് മിഷനുമായി ധാരണപത്രം ഒപ്പിട്ടത്. അഞ്ച് നിലയുള്ള ഫ്ലാറ്റിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും സ്ഥലം സന്ദര്‍ശിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും എം.എൽ.എ പറയുന്നു.
140 കുടുംബങ്ങള്‍ക്ക് താമസിക്കാൻ കെട്ടിടം നിർമിക്കുന്ന സ്ഥലം പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. എം.എല്‍.എയില്‍ നിന്ന് പോലും മറച്ചുെവച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും രണ്ടേക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് ഏറ്റെടുത്ത ശേഷമാണ് വഴി വിലകൊടുത്ത് വാങ്ങിയതെന്നും അദ്ദേഹം പറയുന്നു.
യു.എ.ഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസൻറിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ലെന്നിരിക്കെ കേന്ദ്ര സര്‍ക്കാർ അറിയാതെ എങ്ങനെ റെഡ് ക്രസൻറിന്റെ പണം ചെലവാക്കിയെന്നതിൽ ദുരൂഹതയുെണ്ടന്നും എം.എല്‍.എ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.