തൃശൂർ: 50 ശതമാനം വേതനം വർധന ആവശ്യപ്പെട്ട് തൃശൂർ ജില്ലയിൽ യു.എൻ.എ പ്രഖ്യാപിച്ച നഴ്സുമാരുടെ 72 മണിക്കൂർ സമ്പൂർണ പണിമുടക്ക് തുടങ്ങി. 24 സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് പണിമുടക്കുന്നത്. ഐ.സി.യു അടക്കം മുഴുവൻ വിഭാഗങ്ങളിലെയും നഴ്സുമാർ പണിമുടക്കിന്‍റെ ഭാഗമാവും. ജില്ലയിൽ രണ്ടായിരത്തോളം നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന് യു.എൻ.എ ഭാരവാഹി ജാസ്മിൻ ഷാ വ്യക്തമാക്കി.
അതേസമയം, ഇന്നലെ നടന്ന ചർച്ചകളെ തുടർന്ന് ഏഴ് ആശുപത്രികൾ നഴ്സുമാരുടെ വേതനം വർധിപ്പിച്ചു. തൃശൂർ സൺ മെഡിക്കൽ റിസർച് സെന്റർ, മലങ്കര മിഷൻ ആശുപത്രി, അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, വെസ്റ്റ് ഫോർട്ട് ഹൈടെക് എന്നീ ആശുപത്രികൾ നഴ്സുമാരുടെ ആവശ്യമായ 50 ശതമാനം വേതന വർധനവ് അംഗീകരിച്ചത്. ഇതേതുടർന്ന് ഈ ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്രൈസ്തവസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളാണ് അമല ആശുപത്രിയും ജൂബിലി മിഷൻ മെഡിക്കൽ കോളജും. മൂവായിരത്തിലധികം രോഗികളെ കിടത്തി ചികിത്സക്ക് സൗകര്യമുള്ളതാണ് രണ്ട് ആശുപത്രികളും. 50 ശതമാനം വേതന വർധനവ് സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു. ജില്ലയിലെ പ്രധാന ആശുപത്രികൾ ആവശ്യം അംഗീകരിച്ചതോടെ സമരം വിജയത്തിലായെന്ന വിലയിരുത്തലിലാണ് യു.എൻ.എ. ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.