പാലക്കാട്: വാളയാർ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് നിരാഹാരസമരമിരിക്കുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ച് ദിവസമായി ഗോമതി നിരാഹാരസമരത്തിലായിരുന്നു.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് പൊലീസ് സമരപ്പന്തലിലേക്ക് എത്തിയത്. ഗോമതിയെ അറസ്റ്റ് ചെയ്ത് നീക്കുന്നത് തടഞ്ഞതോടെ ബലം പ്രയോഗിച്ച് സമരസമിതി കൺവീനർ വി.എം. മാർസനും ഡി.എച്ച്.ആർ.എം നേതാവ് സലീന പ്രക്കാനവുമടക്കം വേദിയിലുണ്ടായിരുന്ന 15ാളം പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
തുടർന്ന് നടപടികൾ പൂർത്തിയാക്കിയ സമരസമിതി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ നിന്ന് സമരപ്പന്തലിലേക്ക് മാർച്ച് ചെയ്തു. ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോമതി ചികിത്സ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. സമരപ്പന്തലിലെത്തിയ അവർ നിരാഹാരം തുടരുകയാണ്.
ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമരസമിതി വിമർശിച്ചിരുന്നു. സമരം ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം, പ്രതിഷേധം കടുപ്പിക്കാനാണ് പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം. തല മുണ്ഡനം ചെയ്ത് കേരളയാത്ര നടത്തുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.