കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാറിെൻറ അപ്പീൽ ഹരജിയിൽ ഹൈകോടതി നവംബർ ഒമ്പതിന് അന്തിമവാദം തുടങ്ങും.
നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുകാട്ടി പാലക്കാട് സെഷൻസ് കോടതി (പോക്സോ കോടതി) ആറ് കേസിലായി നാല് പ്രതികളെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സർക്കാറിെൻറ അപ്പീൽ ഹൈകോടതിയുടെ പരിഗണനയിലാണ്. പോക്സോ കോടതി ഉത്തരവിനെതിരെ പെൺകുട്ടികളുടെ മാതാവും അപ്പീൽ ഹരജി നൽകിയിട്ടുണ്ട്.
അന്വേഷണ സംഘത്തിെൻറയും പ്രോസിക്യൂഷെൻറയും ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾപോലും പരിഗണിക്കാതെയാണ് വിചാരണക്കോടതി വിധിയെന്നും സർക്കാർ തിങ്കളാഴ്ച ഹൈകോടതിയിൽ വാദിച്ചു. വിചാരണ ശരിയായി നടന്നിട്ടില്ല. അതിനാൽ, വീണ്ടും അന്വേഷണം നടത്തി പുനർവിചാരണ നടത്തണം. സർക്കാറിെൻറ ആവശ്യം പരിഗണിച്ച കോടതി, അന്തിമവാദം മൂന്നാഴ്ചക്കുശേഷം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
13കാരിയെ 2017 ജനുവരി 13നും ഒമ്പതുകാരിയെ മാർച്ച് നാലിനുമാണ് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദീപ് കുമാർ, വലിയ മധുവെന്ന മധു, കുട്ടി മധുവെന്ന മധു, ഷിബു എന്നിവരാണ് പ്രതികൾ. ആറ് കുറ്റപത്രങ്ങൾ നൽകിയതിനാൽ ആറുകേസുകളായി പരിഗണിച്ച കോടതി നാല് പേരെയും വെറുതെവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.