കാസർകോട്: ജില്ലയിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും അറിവിന്റെ ലോകമാണ് ശാസ്ത്ര കോൺഗ്രസ് സമ്മാനിച്ചത്. നൊബേൽ സമ്മാനജേതാവ് പ്രഫ. മോർട്ടൻ പി. മെൽഡൻ എത്തിയതും ജില്ലക്കഭിമാനമായി. കൂടുതൽ ശാസ്ത്ര ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും ഇടപെടലുകളും നടത്തുന്നതിന് ശാസ്ത്ര കുതുകികൾക്ക് ദിശാബോധം നൽകിയാണ് ശാസ്ത്ര കോൺഗ്രസിന് തിരശ്ശീല വീഴുന്നത്.
ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതായിരുന്നു സന്ദേശം. ഈ വിഷയത്തിൽ കോവിഡ് മാനേജ്മെന്റ് എക്സ്പേര്‍ട്ട് കമ്മിറ്റി ചെയര്മാന് ഡോ. ബി. ഇക്ബാല്‍, കേന്ദ്ര സര്‍വകലാശാല പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് ഡിപ്പാര്‍ട്മെന്റ് പ്രഫ. മാത്യു ജോര്‍ജ് എന്നിവര്‍ വിഷയമവതരിപ്പിച്ചു.
ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന്റെ മകളും ചെന്നൈ എം.എസ്.എസ്.ആർ.എഫ് അധ്യക്ഷയുമായ ഡോ. സൗമ്യ സ്വാമിനാഥൻ അധ്യക്ഷയും കെ.എസ്.സി.എസ്.ടി.ഇ-സി.ഡബ്ല്യു.ആർ.ഡി.എം കോഴിക്കോട് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. പി. മനോജ് സാമുവേൽ കൺവീനറുമായുള്ള ശാസ്ത്ര കോൺഗ്രസിൽ നൂറ്റമ്പതോളം ശാസ്ത്രജ്ഞരും 424 യുവ ശാസ്ത്രജ്ഞരും പങ്കെടുത്തു. 4000 പേർ പ്രദർശന സ്റ്റാൾ സന്ദർശിച്ചു. 362 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 140 പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
36ാമത് കേരള സയൻസ് കോൺഗ്രസിന്റെ കുട്ടിശാസ്ത്രജ്ഞരുടെ സെഷനിൽ വിസ്മയിപ്പിച്ച് ബാലശാസ്ത്രജ്ഞർ. പച്ചക്കറികളിൽ കണ്ടുവരുന്ന കീടങ്ങളെ നിയന്ത്രിക്കാനുള്ള രാസകീടനാശിക്ക് പകരം ജൈവകീടനാശിനി കണ്ടുപിടിച്ച് കർഷകർക്ക് ആശ്വാസമാകുകയാണ് കോട്ടയം എച്ച്.എസ്.എസ് സെന്റ് ആന്റണി സ്കൂളിലെ അതുൽ റോബി. കിണറുകളിൽ കാണുന്ന ചെമ്പുറവയുടെ കാരണം കണ്ടെത്തുകയായിരുന്നു വയനാട് വടുവൻചാലിലെ പുണ്യ പ്രവീൺ. നിപ വൈറസിനെക്കുറിച്ചുള്ള പഠനമാണ് കോഴിക്കോട്ടെ കെ.ആർ. അനുപ്രിയ നടത്തിയത്.
ചെറുതേനീച്ചയും ജലവും ആരോഗ്യമുള്ള ജനതയും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യവും മുഖ്യ വിഷയങ്ങളായി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞടുത്ത 16 കുട്ടികളാണ് തങ്ങളുടെ കണ്ടെത്തലുകൾ വേദിയിൽ അവതരിപ്പിച്ചത്. ബാലശാസ്ത്ര കോൺഗ്രസിൽ യൂനിവേഴ്സിറ്റി കോളജ് മുൻ പ്രഫസർ ഇ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ സയന്റിസ്റ്റ് ഡോ. സെലിൻ ജോർജ് സ്വാഗതവും സയന്റിസ്റ്റ് ഡോ. കെ.ആർ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വേദി ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞു, നിങ്ങളാണ് യഥാർഥ ശാസ്ത്രജ്ഞർ. പരിമിതികൾ അവസരങ്ങളാക്കിയ സ്പെഷൽ സ്കൂളിലെ കുട്ടിശാസ്ത്രജ്ഞർ വെല്ലുവിളികളെ അതിജീവിച്ചാണ് ശാസ്ത്രലോകത്തേക്ക് ചുവടുവെച്ചത്. സംസാരിക്കാൻ കഴിയാത്തവർക്ക് അവരുടെ നാവായി അധ്യാപകരും. ജീവോദയ സ്പെഷൽ സ്കൂളിലെ ആറു വിദ്യാർഥികൾ, ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് സ്പെഷൽ സ്കൂൾ കണ്ണൂരിലെ ആറു വിദ്യാർഥികൾ, ഹോളിക്രോസ് സ്പെഷൽ സ്കൂൾ കോട്ടയത്തെ ഏഴു പേർ എന്നിവരാണ് പരിമിതികളെ അതിജീവിച്ച് എത്തിയത്.
ആഫ്രിക്കൻ ഒച്ചുകളുടെ ഉന്മൂലനത്തിനുള്ള രീതികളെക്കുറിച്ചാണ് ജീവോദയ സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ പഠനം നടത്തിയത്. തിലോപ്പിയ മത്സ്യങ്ങളുടെ വളർച്ചയെയും ഗുണനിലവാരത്തെയും കുറിച്ചുള്ള പഠനമാണ് ഹോളിക്രോസ് സ്പെഷൽ സ്കൂൾ കോട്ടയത്തെ വിദ്യാർഥികൾ നടത്തിയത്.
കണ്ണൂർ ജില്ലയിലെ ചിത്രശലഭങ്ങളുടെ ജൈവവൈവിധ്യം, പര്യവേക്ഷണം എന്നിവയുടെ പഠനമാണ് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് സ്പെഷൽ സ്കൂൾ കണ്ണൂരിലെ വിഷയം. സംസാരശേഷിയില്ലെങ്കിലും സ്ക്രീനിൽ തെളിഞ്ഞ ആശയങ്ങളെ അവർ ആംഗ്യഭാഷയിലൂടെ സദസ്സിലെത്തിച്ചു.
അവരുടെ ശബ്ദമായി അധ്യാപകർ ഒപ്പം നിന്നു. മനുഷ്യന് എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകൾ ഇല്ലെന്ന വിളിച്ചുപറയലാണ് അവരുടെ നിശ്ശബ്ദതയിലൂടെ പൊതുസദസ്സിനെ അറിയിച്ചത്.
കേരള ശാസ്ത്ര കോണ്‍ഗ്രസിലെ അവസാനദിവസമായ ഞായറാഴ്ച ആരംഭിച്ചത് ‘വാക് വിത്ത് സയന്റിസ്റ്റ്’ പരിപാടിയോടെയായിരുന്നു. രാജ്യത്തെത്തന്നെ മികച്ച ശാസ്ത്രജ്ഞരായ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന് എം.സി. ദത്തന്, സി.എസ്.ഐ.ആര്-എന്‍.ഐ.ഐ.എസ്.ടി മുന്‍ ഡയറക്ടർ പ്രഫ. സുരേഷ് ദാസ്, ഐ.സി.എ.ആര്-ഐ.ഐ.എച്ച്.ആര് ബംഗളൂരു മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.ഇ. രാജശേഖരന്, വി.ഐ.ടി വെള്ളൂര്‍ പ്രഫ. ജി. അനില്‍കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. 19 കുട്ടികള്‍ വീതമുള്ള നാലു ഗ്രൂപ്പുകളായി തിരിച്ചാണ് വാക് വിത്ത് സയന്റിസ്റ്റ് സംഘടിപ്പിച്ചത്. ജീവിതാനുഭവങ്ങളും ശാസ്ത്രവിഷയങ്ങളും ശാസ്ത്രജ്ഞര്‍ കുട്ടികളുമായി പങ്കുവെച്ചു.
മനുഷ്യശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍, ഊര്ജോൽപാദനം, ഭൗമശാസ്ത്രം, റോക്കറ്റ് സയന്‍സ്, മനുഷ്യചരിത്രത്തിലെ വലിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളിലായി ശാസ്ത്രജ്ഞര്‍ കുട്ടികളുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.