ദൾ വേണോ, സമാജ്വാദി വേണോ?: എൽ.ജെ.ഡി ഇന്നു തീരുമാനിക്കും

തിരുവനന്തപുരം: ജെ.ഡി-എസിൽ ലയിക്കണോ സമാജ്വാദി പാർട്ടിയുമായി ചേരണമോ എന്നതിൽ അന്തിമതീരുമാനമെടുക്കാൻ എൽ.ജെ.ഡി നിർണായക യോഗം ഇന്ന്. രാഷ്ട്രീയമായും സംഘടനപരമായും ദുർബലമായ എൽ.ജെ.ഡിക്ക് ഇനിയും ഒറ്റക്ക് പിടിച്ച് നിൽക്കാനാവില്ലെന്ന സ്ഥിതിവന്നതോടെയാണ് ഏതെങ്കിലും സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള പാർട്ടിയിൽ ലയിക്കാനുള്ള അന്വേഷണം തുടങ്ങിയത്.

എൽ.ജെ.ഡി ദേശീയ നേതൃത്വം ശരദ് യാദവിന്‍റെ നേതൃത്വത്തിൽ ലാലു പ്രസാദ് യാദവിന്‍റെ ആർ.ജെ.ഡിയിൽ ലയിച്ചപ്പോൾ അതിനൊപ്പം പോകാതെ സ്വതന്ത്രമായി നിൽക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതോടെ പാർട്ടി സംഘടനപരമായ അതിജീവനം നേതൃത്വത്തിന് വെല്ലുവിളിയായി മാറി. തുടർന്നാണ് ഏതെങ്കിലും കക്ഷികളിൽ ലയിക്കുന്നതിനെക്കുറിച്ച് ആലോചന സജീവമായത്.

കഴിഞ്ഞ മാസം തിരുവനന്തപുരത്തെത്തിയ എച്ച്.ഡി. ദേവഗൗഡയെ കണ്ട് ലയന സാധ്യത എൽ.ജെ.ഡി നേതൃത്വം ചർച്ച ചെയ്തിരുന്നു. ലയനശേഷം സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന ശ്രേയാംസിന്‍റെ ആവശ്യം ദേവഗൗഡ തള്ളി. അതിനിടെ പാർട്ടിയിൽ ഒരു വിഭാഗം സമാജ്വാദി പാർട്ടിയിൽ ലയിക്കുന്നതിന്‍റെ സാധ്യതയും മുന്നോട്ടുവെച്ചു.

ലെജസ്ലേറ്റിവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കർണാടകയിൽ ബി.ജെ.പിയോട് ജെ.ഡി-എസിന്‍റെ പിന്തുണയും മൃദുസമീപനവും ചൂണ്ടിക്കാട്ടിയാണ് യുവജന നേതാക്കൾ അടക്കം ഒരു വിഭാഗം ദൾ ലയനത്തെ എതിർക്കുകയും എസ്.പിയോടൊപ്പം ചേരണമെന്ന് ആവശ്യപ്പെടുന്നതും. എന്നാൽ, മുതിർന്ന നേതാക്കളിൽ ഒരു വിഭാഗം എൽ.ജെ.ഡി ലയനത്തിന് അനുകൂലമാണ്.

ഞായറാഴ്ച കോഴിക്കോട് ചേരുന്ന സംസ്ഥാന കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യും. എന്നാൽ, ഈ മാസം ഏഴു മുതൽ ഒമ്പതു വരെ എറണാകുളത്ത് നടക്കുന്ന സംഘടന തെരഞ്ഞെടുപ്പിനുശേഷം മാത്രം വിഷയം പരിഗണിക്കാമെന്ന നിലപാടാണ് ജെ.ഡി-എസ് നേതൃത്വത്തിന്.

തെരഞ്ഞെടുപ്പിന് മുമ്പ് ലയനം നടത്താൻ മന്ത്രി കെ. കൃഷ്ണൻകുട്ടി വിഭാഗം കിണഞ്ഞ് ശ്രമിക്കുകയാണ്. ലയനത്തിന്‍റെ പേരിൽ സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെപ്പിക്കാനാണ് ശ്രമമെന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന് എതിരായ ആക്ഷേപം.

പാലക്കാട് നിന്ന് സംസ്ഥാന സമിതിയംഗങ്ങളായി ചിറ്റൂർ നിയോജകമണ്ഡലത്തിൽനിന്ന് മാത്രം പരസ്പരം ബന്ധുക്കളായ എട്ടു പേരെ ആക്കിയത് മന്ത്രിയാണെന്നും ആരോപണമുണ്ട്.

സംഘടന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ഇടുക്കി ജില്ല തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആക്ഷേപം.

Tags:    
News Summary - Want Dal or Samajwadi Party ?: LJD to decide today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.