കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി.കെ. ഹംസ സംസ്ഥാന വഖഫ് ബോർഡ് ചെയർമാനായേക്കും. പത്തംഗ വഖഫ് ബോർഡിൽ ആറു പേർ വിവിധ മണ്ഡലങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ് വഴിയും നാലു പേർ സർക്കാർ നോമിനികളുമായാണെത്തുക. ആറംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ഇതിനകം പൂർത്തിയായി. സർക്കാർ നോമിനികളെ അടുത്ത ദിവസങ്ങളിൽതന്നെ പ്രഖ്യാപിക്കും. സാമൂഹിക പ്രവർത്തകനെന്ന നിലയിൽ ഹംസയെ നോമിനേറ്റ് ചെയ്ത് ബോർഡിെൻറ ചെയർമാനാക്കാണ് സർക്കാർ നീക്കം. ചെയർമാൻ സ്ഥാനത്തേക്ക് പി.ടി.എ റഹീം എം.എൽ.എയുടെ പേരും പരിഗണിച്ചിരുന്നെങ്കിലും എം.എൽ.എ ചെയർമാനായാലുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്ത് അദ്ദേഹം പിൻവാങ്ങി.
ഒരു എം.പി, രണ്ട് എം.എൽ.എ, ഒരു ബാർ കൗൺസിൽ അംഗം, രണ്ട് വഖഫ് മുതവല്ലി (വഖഫ് സ്ഥാപനങ്ങളുടെ ഭരണകർത്താക്കൾ) എന്നിവരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടത്. എം.പിമാരിൽനിന്ന് പി.വി. അബ്ദുൽ വഹാബും ബാർ കൗൺസിൽ അംഗങ്ങളിൽനിന്ന് അഡ്വ. പി. ഷറഫുദ്ദീനും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, എം.എൽ.എ, മുതവല്ലി മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നത്. രണ്ടുപേർക്ക് അവസരമുള്ള എം.എൽ.എ മണ്ഡലത്തിൽ മത്സരിച്ച പി.ടി.എ. റഹീം, പി. ഉബൈദുല്ല, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് തുല്യ വോട്ടാണ് ലഭിച്ചത്. ഇവരിൽ ഇബ്രാഹിം കുഞ്ഞ് നറുക്കെടുപ്പിലൂടെ പുറത്താവുകയായിരുന്നു. കേരള നിയമസഭയിലെ 32 മുസ്ലിം എം.എൽ.എമാരിൽ മുപ്പത് പേർക്കാണ് വോട്ടുണ്ടായിരുന്നത്. കെ.എം. ഷാജിക്കും കാരാട്ട് റസാഖിനും ഹൈകോടതിയുടെ അയോഗ്യത നിലനിൽക്കുന്നതിനാൽ വോട്ടുണ്ടായിരുന്നില്ല.
മുതവല്ലി മണ്ഡലത്തിൽ ഔദ്യോഗിക സമസ്തയുടെ സ്ഥാനാർഥികളായ എം.സി. മായിൻ ഹാജിയും പി.വി. സൈനുദ്ദീനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുജാഹിദ് വിഭാഗങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. ഇവർക്കെതിരെ മത്സരിച്ച സുന്നി കാന്തപുരം വിഭാഗത്തിലെ പ്രഫ. കെ.എം.എ. റഹീമിനേക്കാൾ ഇവർക്ക് 450ലേറെ വോട്ട് കൂടുതൽ ലഭിച്ചു.
വഖഫ് ബോർഡിലേക്ക് സർക്കാർ നോമിനേറ്റ് െചയ്യുന്ന നാലുപേരിൽ രണ്ടുപേർ സുന്നി, ശിയ കർമശാസ്ത്രങ്ങളിൽ അവഗാഹമുള്ള പണ്ഡിതരാവണം. ഒരാൾ സാമൂഹിക പ്രവർത്തകനും മറ്റൊരാൾ അസിസ്റ്റൻറ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത സർക്കാർ ഓഫിസറുമായിരിക്കണം. പത്തംഗ വഖഫ് ബോർഡിൽ രണ്ടു വനിത പ്രാതിനിധ്യം വേണമെന്ന് നിർബന്ധമായതിനാൽ സർക്കാർ നോമിനേറ്റ് ചെയ്യുന്ന നാലിൽ രണ്ടംഗങ്ങൾ വനിതകളായിരിക്കും. പണ്ഡിത പ്രതിനിധിയായി നോമിനേറ്റ് ചെയ്യപ്പെടുന്നവരിൽ ഒരാൾ സുന്നി കാന്തപുരം വിഭാഗത്തിൽനിന്നായിരിക്കും. വനിത പ്രാതിനിധ്യം ഐ.എൻ.എല്ലിന് നൽകുമെന്നാണറിയുന്നത്.
പുതിയ ബോർഡിലെ പത്തംഗങ്ങളിൽ സംസ്ഥാന സർക്കാറിനോട് ആഭിമുഖ്യമുള്ള ആറുപേരുണ്ടാകും. വി.കെ. ഇബ്രാഹിംകുഞ്ഞ് നറുക്കെടുപ്പിലൂടെ പുറത്തുപോയില്ലായിരുന്നുവെങ്കിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ അഞ്ചുപേർ വീതമുള്ള തുല്യശക്തികളാവുമായിരുന്നു. ഇങ്ങനെയായിരുന്നെങ്കിൽ ചെയർമാൻ തെരഞ്ഞെടുപ്പിലുൾപ്പെടെ ഭരണപ്രതിസന്ധിക്കും കാരണമായേനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.