കാസർകോട്: കാസർകോട് ടാറ്റ കോവിഡ് ആശുപത്രിക്ക് നൽകിയ വഖഫ് ഭൂമിക്കുപകരം സർക്കാർ ഭൂമി നൽകിയില്ല. കരാർ ഒപ്പിട്ട് രണ്ടുവർഷത്തോടടുക്കുമ്പോഴും ഇതുസംബന്ധിച്ച ഫയൽ റവന്യൂ വകുപ്പിൽ അനങ്ങിയില്ല. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ അന്നത്തെ ജില്ല കലക്ടറുടെ അധികാര പരിധിക്ക് പുറത്തുണ്ടാക്കിയ കരാറിനുനേരെ വകുപ്പ് മുഖംതിരിക്കുകയാണ്.
കാസർകോട് താലൂക്കിൽ തെക്കിൽ വില്ലേജിൽ ടാറ്റ കോവിഡ് ആശുപത്രി നിർമിക്കുന്നതിന് മലബാർ ഇസ്ലാമിക് കോംപ്ലക്സ് നിയന്ത്രണത്തിലുള്ള വഖഫ് ബോർഡിന്റെ 4.12 ഏക്കർ ഭൂമിയാണ് സർക്കാറിനു കൈമാറിയത്. പകരം ഭൂമി നൽകാമെന്നായിരുന്നു കരാർ. 2020 ഏപ്രിൽ 17ന് അന്നത്തെ കലക്ടർ ഡോ. ഡി. സജിത് ബാബുവും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയും മലബാർ ഇസ്ലാമിക് കോംപ്ലക്സിന്റെയും (എം.ഐ.സി) പ്രസിഡൻറായ ജിഫ്രി മുത്തുകോയ തങ്ങളും മലപ്പുറം കൊണ്ടോട്ടിയിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്.
വഖഫ് ഭൂമി ആശുപത്രിക്ക് കൈമാറാൻ ജിഫ്രി മുത്തുകോയ തങ്ങൾക്ക് വഖഫ് ബോർഡ് നിയമപരമായ അധികാരം നൽകിയിരുന്നു. എന്നാൽ, കലക്ടർക്ക് റവന്യൂ വകുപ്പിൽനിന്നും വാക്കാൽ പോലും അനുമതി ലഭിച്ചിട്ടില്ല. ഗ്രാമത്തിൽ 50 സെൻറ് ഭൂമിയും നഗരത്തിൽ 25 സെന്റ് ഭൂമിയും മാത്രം പതിച്ചു നൽകാനും കൈമാറാനും അധികാരമുള്ള കലക്ടർക്ക് 4.12 ഏക്കർ ഭൂമി കൈമാറാൻ അധികാരമുണ്ടായിരുന്നില്ല.
ഇത്രയും ഭൂമിയുടെ കൈമാറ്റത്തിന് മന്ത്രിസഭയുടെ അനുമതിയോ വകുപ്പിന്റെ സ്പെഷൻ ഓർഡറോ ആവശ്യമാണ്. അതിനുള്ള നടപടിയും ഇതുവരെ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 2020 സെപ്റ്റംബർ 10നാണ് ടാറ്റ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. കരാറുണ്ടാക്കി രണ്ടുവർഷം തികയാറായിട്ടും പകരം ഭൂമി എന്ന കരാർ ഒരിഞ്ചു നീങ്ങിയിട്ടില്ല. ഇതുസംബന്ധിച്ച ഫയൽ റവന്യൂ വകുപ്പിലേക്ക് അയച്ചിരുന്നു. പിന്നാലെ വകുപ്പ് വിശദീകരണം ചോദിക്കുകയും ചെയ്തു.
എന്നാൽ, തുടർ നടപടികളുണ്ടായിട്ടില്ല. സർക്കാർ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കുന്നതിനാണ് നിയമമുള്ളതെന്നും പരസ്പര കൈമാറ്റത്തിന് വകുപ്പില്ലെന്നും റവന്യൂ കേന്ദ്രങ്ങൾ പറഞ്ഞു.
പകരം ഭൂമി ലഭിക്കുന്നതിന് റവന്യൂ മന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മലബാർ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) സെക്രട്ടറി ടി.ഡി. കബീർ പ്രതികരിച്ചു. വഖഫ് ജനറൽ ബോഡിയുടെ തീരുമാനം അറിയിച്ചിട്ടുണ്ട്. ടാറ്റ ആശുപത്രിക്ക് നൽകിയ ഭൂമിക്കുപകരം ഭൂമി ലഭിച്ചില്ലെങ്കിൽ നൽകിയ ഭൂമി തിരിച്ചുപിടിക്കുന്നതിന് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.