കോതമംഗലം: കേന്ദ്ര വഖഫ് കൗൺസിൽ അംഗത്വം വാഗ്ദാനം ചെയ്ത്നടത്തിയ ആർ.എസ്.എസ്. അനുകൂല സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതാക്കൾക്കെതിരെ കേസ്. സംസ്ഥാന പ്രസിഡന്‍റ് ഉമർ ഫാറൂഖ്, സെക്രട്ടറി സമദ് മുടവന അടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്.
കേന്ദ്ര വഖഫ് കൗൺസിൽ അംഗത്വം ഭാര്യക്ക് തരപ്പെടുത്തി നൽകാമെന്ന പറഞ്ഞ് 16 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് തിരൂർ സ്വദേശി മുസ്തഫയുടെ പരാതി. പ്രതികൾക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയാണ് കോതമംഗലം പൊലീസ് കേസെടുത്തത്.
2020ലാണ് സംഭവം നടന്നത്. കേന്ദ്ര വഖഫ് കൗൺസിൽ അംഗത്വം നൽകാമെന്ന് ചൂണ്ടിക്കാട്ടി തിരൂർ സ്വദേശിയെ ആദ്യം സമീപിച്ചത് മലപ്പുറം സ്വദേശി മുഹമ്മദ് സാദിഖ് ആണ്. തുടർന്ന്, ഉമർ ഫാറൂഖ്, സമദ് മുടവന എന്നിവരെ സാദിഖ് പരിചയപ്പെടുത്തി. അംഗത്വം തരപ്പെടുത്തി നൽകാൻ 25 ലക്ഷം രൂപയാണ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടത്. ഇതിൽ 16 ലക്ഷം കൈമാറി.
2020 ജൂണിൽ ഉമർ ഫാറൂഖിന്‍റെ കോതമംഗലത്തെ വീട്ടിലെത്തി 10 ലക്ഷം രൂപ കൈമാറി. സെപ്റ്റംബറിൽ മൂവാറ്റുപുഴയിലെ ഓഫീസിൽ വെച്ച് അഞ്ച് ലക്ഷം രൂപയും പിന്നീട് ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപയും കൈമാറി. തുടർന്ന് അംഗത്വം ലഭിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ നേതാക്കളോട് ആരാഞ്ഞു. അംഗത്വം ലഭിക്കില്ലെന്നും പണം തിരികെ നൽകാൻ സാധിക്കില്ലെന്നും അറിഞ്ഞതോടെ മുസ്തഫ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.