വഖഫ് നിയമനം: സമുദായത്തെ ഭിന്നിപ്പിച്ച് സർക്കാർ അജണ്ട നടപ്പാക്കാനാവില്ലെന്ന് പി. മുജീബ് റഹ്മാൻ

കോഴിക്കോട്: വഖഫ് നിയമനം: സമുദായത്തെ ഭിന്നിപ്പിച്ച് സർക്കാർ അജണ്ട നടപ്പിലാക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്മാൻ. വഖഫ് ആക്ടിന് വിരുദ്ധമായി വഖഫിലെ നിയമനം മാത്രം പി.എസ്.സിക്ക് വിടാനുള്ള ഇടതു സർക്കാറിന്‍റെ വിവേചന നീക്കത്തിനെതിരെ കേരളത്തിലെ മുസ്‌ലിംകൾ പ്രതിഷേധത്തിലാണ്. നിയമസഭയിൽ മുസ്‌ലിംലീഗ് ഇതിനെതിരെ ശബ്ദമുയർത്തി. സമസ്ത, ജമാഅത്തെ ഇസ്‌ലാമി, കെ.എൻ.എം, ദക്ഷിണ കേരള തുടങ്ങി മുഴുവൻ മതസംഘടനകളും ശക്തമായി വിയോജിച്ചു.

തുടർന്ന് മുസ്‌ലിം നേതൃസമിതിയുടെ നേതൃത്വത്തിൽ 18 സംഘടനകൾ ഒറ്റക്കെട്ടായി യോഗം ചേർന്ന് വഖഫ് സ്വത്തിൽ സർക്കാർ കൈവെക്കരുതെന്ന് ആവശ്യപ്പെട്ടു. പക്ഷേ, 80:20 സ്കോളർഷിപ്പിന്‍റെ വിഷയത്തിൽ ഇടതുസർക്കാർ കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘടന നേതാക്കളുടെയും അഭ്യർഥന അവഹേളിച്ചതു പോലെ വഖഫിലും സമുദായത്തെ അവഗണിച്ചു. അവസാനം മുസ്‌ലിം നേതൃസമിതി ഒരുമിച്ചിരുന്നു പള്ളിയിൽ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചപ്പോൾ സർക്കാർ കണ്ണ് തുറന്നു.

പക്ഷേ, അപ്പോഴും മുസ്‌ലിം സമുദായം ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ ജനാധിപത്യപരമായി പരിഗണിക്കുന്നതിന് പകരം സമുദായത്തെ അവഹേളിക്കാനും സമുദായത്തിന്‍റെ സംഘടിത ശക്തിയെ തകർക്കാനുമാണ് സർക്കാർ ശ്രമിച്ചത്. അവസാനം മുസ്‌ലിം നേതൃസമിതിയിൽ നിന്നും സമസ്തയെ മാത്രമായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

വഖഫ് നിയമനം ഉടൻ പി.എസ്.സിക്ക് വിടില്ലെന്ന് പറയുന്നു. ഇതിനായിരുന്നോ സമസ്തയെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. പി.എസ്.സിക്ക് വിടാനുള്ള നീക്കം റദ്ദ് ചെയ്യാതെ ഈ സമരത്തിൽ നിന്നും ആര് പിൻവാങ്ങിയാലും സമുദായം പിൻവാങ്ങുമെന്ന് സർക്കാർ വ്യാമോഹിക്കേണ്ട. എല്ലാ രാഷ്ട്രീയ കുതന്ത്രങ്ങളെയും അതിജീവിച്ച് സമുദായം യോജിച്ച് മുന്നോട്ട് പോകും. സമുദായത്തെ ഭിന്നിപ്പിച്ച് കാര്യം നേടാമെന്ന സർക്കാർ മോഹം അതിമോഹമായിരിക്കുമെന്നും പി. മുജീബ് റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. 

Tags:    
News Summary - Waqf: P Mujeeb Rahman says government agenda cannot be implemented by dividing community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.