പാർട്ടി അപചയം: സമൂഹമാധ്യമങ്ങളിൽ പോര്; ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന് വധഭീഷണി

കായംകുളം: സി.പി.എമ്മിലെ വിഭാഗീയത സാമൂഹിക മാധ്യമങ്ങളിലെ ഒളിപ്പോരിലേക്ക് വഴിമാറിയതോടെ പ്രതിരോധിക്കാനാവാതെ നേതൃത്വം. നേതാക്കളെ പ്രതിരോധത്തിലാക്കുന്ന രേഖകളുടെ പിൻബലത്തിലാണ് ആരോപണങ്ങൾ. ഇതിനിടെ ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ മകനെതിരെ വധഭീഷണി ഉയർന്നതോടെ വിഷയം മറ്റൊരു തലത്തിലേക്ക് വഴിമാറുകയാണ്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണങ്ങൾക്കിടെയാണ് പാർട്ടിയെ ഉലക്കുന്ന ആരോപണങ്ങളും കുമിഞ്ഞുകൂടുന്നത്.

ചെമ്പട കായംകുളം ഫേയ്സ ് ബുക്ക് പേജിലാണ് കെ.എച്ച്. ബാബുജാന് വധഭീഷണി സന്ദേശം വന്നത്. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനെതിരെയും ഗുരുതര ആരോപണങ്ങൾ ഇവർ ഉന്നയിച്ചിട്ടുണ്ട്. പുള്ളികണക്ക് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ടവ രേഖകൾ സഹിതമാണ് ആരോപണം. മകന്‍റെയും മരുമകളുടെയും യു.എസ് വിദ്യാഭ്യാസം, അബ്കാരി ബന്ധം എന്നിവയും ചർച്ചയാക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ പങ്കെടുത്ത ഏരിയ കമ്മിറ്റിയിലെ അരവിന്ദാക്ഷന്‍റെ നിലപാട് മാറ്റമാണ് ആരോപണത്തിന് കാരണമെന്നാണ് സൂചന.

വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ത്തി ചെ​മ്പ​ട കാ​യം​കു​ളം ഫേ​സ്ബു​ക്ക് പേജിൽ വന്നകു​റി​പ്പ്

ബാബുജാന് എതിരെയും അഴിമതി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇവരെ അനുകൂലിക്കുന്ന എം.എൻ. നസീർ, ബി. അബിൻഷ, മോഹൻദാസ് എന്നിവരെയും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് ആരോപണങ്ങളുള്ളത്.കായംകുളത്തിന്‍റെ വിപ്ലവം പേജിലൂടെ ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസനും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഏരിയ സെന്‍റർ അംഗവുമായ ബിബിൻ സി.ബാബുവിനും എതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുകയെന്നതാണ് ചെമ്പട കായംകുളത്തിന്‍റെ ലക്ഷ്യമെന്നാണ് സംസാരം. ബിബിൻ സി.ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ കാലത്തെ അഴിമതിയാണ് നാലുദിവസമായി രേഖകൾ സഹിതം വിപ്ലവം പേജ് ചർച്ചയാക്കുന്നത്.

വിഷയത്തിൽ പാർട്ടി നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിക്കും സഹോദരനും മർദനമേറ്റെന്ന വിഷയത്തിലെ വെളിപ്പെടുത്തലും പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്.വഴി കൈയേറ്റ വിഷയം ഗുണ്ട ആക്രമണമായി ചിത്രീകരിച്ചതാണ് ചോദ്യംചെയ്തിരിക്കുന്നത്. സമിതി സെക്രട്ടറിയുടെ സഹോദരന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനമാണ് നേരിയ സംഘർഷത്തിന് കാരണമായതെന്ന് വിഡിയോ ദൃശ്യത്തിലൂടെ വെളിപ്പെടുത്തിയതാണ് ചർച്ചയാകുന്നത്.ഇത്തരത്തിൽ ഉയരുന്ന ആരോപണങ്ങളെ നേതൃത്വത്തിന് പ്രതിരോധിക്കാൻ കഴിയാത്തത് അണികളിൽ ആശയക്കുഴപ്പം വർധിക്കാനും കാരണമാകുകയാണ്.

Tags:    
News Summary - War on Social Media; A member of the district secretariat received death threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.