തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനത്തിന്റെ തുടർനടപടികളുടെ ഭാഗമായി ആദ്യം വിഭജിക്കുക ഗ്രാമപഞ്ചായത്ത് പിന്നെ മുനിസിപ്പാലിറ്റി അതുകഴിഞ്ഞ് കോർപറേഷൻ എന്നിങ്ങനെ. ഗ്രാമപഞ്ചായത്ത് വാർഡുകൾ അടിസ്ഥാനമാക്കി ബ്ലോക്കിന്റെയും ബ്ലോക്ക് ആസ്പദമാക്കി ജില്ല പഞ്ചായത്തുകളുടെയും വിഭജനം നടക്കും. കരട് തയാറാക്കൽ മുതൽ അന്തിമവിജ്ഞാപനം വരെയുള്ള നടപടി ഇവയ്ക്കും വേണ്ടിവരും. 2011ലെ ജനസംഖ്യയെ 2024ലെ വീടുകളുടെ എണ്ണംകൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന എണ്ണം ഏറക്കുറെ തുല്യമായി വരുന്ന തരത്തിലാകും വാർഡ് വിഭജനം.
ഉദാഹരണത്തിന് പഞ്ചായത്തിലെ ആകെ ജനസംഖ്യ അമ്പതിനായിരവും വീടുകൾ നൂറുമാണെങ്കിൽ ഓരോ വാർഡിലും ഏകദേശം 500 വീട് ഉൾപ്പെടും. റോഡും തോടും പുഴയും സർക്കാർ സ്ഥാപനങ്ങളുമാകും അതിർത്തികൾ. തുടർന്ന് തദ്ദേശ സെക്രട്ടറിമാർ വിഭജനത്തിന്റെ കരട് തയാറാക്കും. ഇത് ഒരുമാസത്തിലേറെ നീളും. കരട് സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമീഷന് കലക്ടർമാർ കൈമാറും. കമീഷൻ ജില്ലതലത്തിൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഫീൽഡ് പരിശോധനയും ജില്ലതല സിറ്റിങ്ങും നടത്തി പരാതിക്കാരെ കേട്ടശേഷം അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കും. വാർഡ് വിഭജിക്കുമ്പോൾ പൊതുജനങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാനും സംവിധാനം ഒരുക്കും. ഡീലിമിറ്റേഷൻ കമീഷന്റെ പ്രത്യേക പോർട്ടൽ അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാകും.
നമ്പർ മാറുന്നതും വോട്ടർ പട്ടികയിൽ വാർഡിന് അനുസരിച്ച് പേരിന് സ്ഥാനമാറ്റം വരുന്നതും പരാതികളായി വരുന്നത് ഒരു പരിധിവരെ പരിഹരിക്കാനാണ് പോർട്ടൽ. വാർഡിന്റെ പുതിയ അതിരും വീട്ടുനമ്പറുകളും ഉൾപ്പെടെ പോർട്ടലിൽ രേഖപ്പെടുത്തും. പുനർനിർണയിച്ച വാർഡുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക തയാറാക്കുന്നതാണ് അവസാനത്തെ ഘട്ടം. ഈ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി സർക്കാർ രൂപവത്കരിച്ച ഡീലിമിറ്റേഷൻ കമീഷന്റെ യോഗം ചൊവ്വാഴ്ച ചേർന്ന് വിഭജന മാർഗരേഖക്ക് അംഗീകാരം നൽകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാൻ കൂടിയായ എ. ഷാജഹാൻ അധ്യക്ഷനായ ഡീലിമിറ്റേഷൻ കമീഷനാണ് നടപടി ഏകോപിപ്പിക്കുക. അടുത്തവർഷം മേയോടെ പൂർത്തിയാക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.