'പുല, വാലായ്മ, മറ്റ് അശുദ്ധിയുള്ളവര്‍ ദേവിയുടെ ഭൂമിയില്‍ പ്രവേശിക്കരുത്'; ബോർഡ് സ്ഥാപിച്ച് ക്ഷേത്രകമ്മിറ്റിയുടെ മുന്നറിയിപ്പ്

കണ്ണൂർ: പുല, വാലായ്മ മറ്റ് അശുദ്ധിയുള്ളവർ ദേവിയുടെ ഭൂമിയിൽ പ്രവേശിക്കരുതെന്ന അറിയിപ്പുമായി ക്ഷേത്രകമ്മിറ്റി. പയ്യന്നൂരിലെ കണ്ടോത്ത് പങ്ങടത്തെ ശ്രീ നീലങ്കൈ ഭഗവതി കഴകം ക്ഷേത്രകമ്മിറ്റിയാണ് മുന്നറിയിപ്പുമായി ബോർഡ് വെച്ചത്.

ബോർഡ് സ്ഥാപിച്ചതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയതോടെ ഷേത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ക്ഷേത്ര കമ്മിറ്റി ഭരിക്കുന്ന വിശ്വകർമ വിഭാഗമാണ് ബോർഡ് സ്ഥാപിച്ചതിന് പിന്നിലെന്നാണ് വിവരം. പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ആചാരങ്ങൾ രഹസ്യമായി നടന്ന് വരുന്നുണ്ടെങ്കിലും ഇത് പരസ്യം ചെയ്ത് ബോർഡ് സ്ഥാപിക്കുന്നത് അപൂർവമാണ്.

കുട്ടി ജനിച്ചാൽ തുടർന്നുള്ള 16 ദിവസത്തേക്ക് വീട്ടുകാർക്ക് അശുദ്ധി കൽപ്പിക്കുന്ന ആചാരമാണ് 'വാലായ്മ'. ഈ കാലയളവിൽ വീട്ടുകാർ അമ്പലത്തിൽ പോകുന്നത് വിലക്കപ്പെടുന്നതാണ് ആചാരം. 16ാം ദിവസം വീട് പുണ്യാഹം തെളിച്ച് ശുദ്ധിയാക്കിയാൽ മാത്രമേ അശുദ്ധി മാറുകയുള്ളൂ.

'പുല' എന്നത് മരണവുമായി ബന്ധപ്പെട്ടതാണ്. ഈ ആചാരവുമായി ബന്ധപ്പെട്ട് പുറത്ത് നിന്ന് മരണവീട്ടിൽ എത്തുന്നവർക്ക് വെള്ളം പോലും കുടിക്കാൻ അനുവദിക്കുന്നില്ല. മരണം നടന്ന് 12 ദിവസത്തോളം ഈ ആചാരം നീണ്ട് നിൽക്കും. പിന്നീട് 13ാം ദിവസം ബലിയിടൽ ചടങ്ങ് കഴിഞ്ഞ് എല്ലാവർക്കും ഭക്ഷണം നൽകുന്നതോടെയാണ് അശുദ്ധി അവസാനിക്കുന്നത്.

Tags:    
News Summary - Warning of the temple committee by putting up the board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.