കൊച്ചി: അശ്ലീല വിഡിയോയോ ചിത്രങ്ങളോ സ്വകാര്യ സ്ഥലത്തുവെച്ച് മൊബൈൽ ഫോണിൽ കാണുന്നത് കുറ്റകരമല്ലെന്ന് ഹൈകോടതി. അതേസമയം, ഇത്തരം ചിത്രങ്ങൾ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും ഇന്ത്യൻ ശിക്ഷ നിയമ പ്രകാരമുള്ള കുറ്റമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. റോഡരികിൽനിന്ന് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് നിരീക്ഷണം.
ആലുവയിൽ വെച്ച് രാത്രി റോഡരികിൽനിന്ന് അശ്ലീല വിഡിയോ കാണുമ്പോൾ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഹരജിക്കാരനെ പിടികൂടുകയായിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ടും നൽകി. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. മറ്റാരും കാണാതെ സ്വകാര്യ സമയത്ത് അശ്ലീല വിഡിയോ കാണുന്നതിൽ ഇടപെടുന്നത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാകുമെന്നതിനാൽ ഇത് കുറ്റമായി പ്രഖ്യാപിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഒരിക്കലും മൊബൈൽ ഫോൺ സമ്മാനമായി നൽകരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. അശ്ലീല വിഡിയോ കുട്ടികൾ കാണുന്നത് ദൂഷ്യഫലമുണ്ടാക്കും. ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോണുകൾ കുട്ടികൾ ഉപയോഗിക്കുന്നതിന്‍റെ അപകടം തിരിച്ചറിയണം. മാതാപിതാക്കളുടെ മൊബൈൽ വഴി വിജ്ഞാനപ്രദമായ വാർത്തകളും വിഡിയോകളും കാണാനാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത്. ആരോഗ്യമുള്ള ജനതയായി വളരാൻ ഒഴിവുസമയത്ത് അവർ ക്രിക്കറ്റും ഫുട്ബാളും മറ്റും കളിക്കട്ടെ. ഓൺലൈൻ മുഖേന വരുത്തുന്ന ഭക്ഷണത്തിന് പകരം കുട്ടികൾ അമ്മയുണ്ടാക്കിയ രുചികരമായ ഭക്ഷണം ആസ്വദിക്കട്ടേയെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.