കുറ്റിപ്പുറം: കുടിവെള്ളം നൽകാത്തതിന് പരാതിക്കാരന് എടപ്പാൾ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ 35,000 രൂപ നൽകാൻ ജില്ല ഉപഭോക്തൃ കമീഷൻ വിധി. തവനൂർ തൃക്കണാപുരം രാരംകണ്ടത്ത് ഉമ്മർ കോയ നൽകിയ പരാതിയിലാണ് എടപ്പാൾ വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് എതിരെ കമീഷൻ വിധി.
2021 മാർച്ച് മാസത്തിൽ കൊടുത്ത പരാതിയിൽ ജല വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, മലപ്പുറം സൂപ്രണ്ടിങ് എൻജിനീയർ എന്നിവരാണ് എതിർകക്ഷികൾ. 2020ൽ പരാതികൾ കൊടുത്തു തുടങ്ങി. സേവനാവകാശ നിയമപ്രകാരം പരാതി കൊടുത്തിട്ട് മറുപടി കിട്ടിയിരുന്നില്ല. പരാതി കൊടുത്തത് കാരണം പൈപ്പ് ലൈൻ വാൽവ് വെച്ച് പൂട്ടുകയും തവനൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ എം.ഇ.എസ് കോളജ് ഭാഗത്തുള്ള ഉപഭോക്താക്കൾക്ക് കുടിവെള്ളം നിഷേധിക്കുകയുമായിരുന്നു. ഇതോടെയാണ് ഉപഭോക്തൃ കമീഷനെ സമീപിച്ചത്.
മതിയായ രേഖകൾ എല്ലാം പരാതിക്കാരൻ ഹാജരാക്കിയിരുന്നു. അധികൃതരുടെ വാദം ഉപഭോക്തൃ കമീഷൻ അംഗീകരിച്ചില്ല. 30,000 രൂപ സേവനത്തിൽ വീഴ്ച വരുത്തിയതിനും കോടതി ചെലവായി 5000 രൂപയും പരാതിക്കാരന് നൽകാനാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷന്റെ വിധി.
ഒരു മാസത്തിനകം വിധി സംഖ്യ നൽകാതിരുന്നാൽ മുഴുവൻ സംഖ്യക്കും 12 ശതമാനം പലിശ നൽകണമെന്നും വിധിയിലുണ്ട്. 2020-21 വർഷത്തേക്കുള്ള ഭരണാനുമതി ലഭിച്ച 40കോടി രൂപയുടെ പദ്ധതി നിശ്ചിത കാലയളവിനുള്ളിൽ നടപ്പാക്കാനും അതുവഴി പരാതിക്കാരന് ഒരു വീഴ്ചയുമില്ലാതെ സ്ഥിരമായി ജല വിതരണം നടത്തണമെന്നും എതിർകക്ഷികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.