ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തം, ജലനിരപ്പ് കുറയുന്നില്ല; കല്ലാർ ഡാം തുറന്നു

ചെറുതോണി: സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ലെന്ന് റിപ്പോർട്ട്. രണ്ടു ദിവസമായി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്താൽ നീരൊഴുക്ക് കൂടാനും സാധ്യതയുണ്ട്.

കെ.എസ്.ഇ.ബി ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 2398.18 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റ്​​ മ​ണി​യി​ലെ ക​ണ​ക്കു​പ്ര​കാ​രം ജ​ല​നി​ര​പ്പ്​ 2398.02 അ​ടി​യാ​യിരുന്നു. മഴയുടെയും നീരൊഴുക്കിന്‍റെയും അളവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് കെ.എസ്.ഇ.ബി അധികൃതരുടെ തീരുമാനം.

2403 അ​ടിയാണ് അണക്കെട്ടിന്‍റെ പൂ​ർ​ണ​ സം​ഭ​ര​ണ​ശേ​ഷി​. 2398.08 അ​ടി​യി​ൽ നി​ൽ​ക്കെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ന്​ ​മൂ​ന്ന്​ ഷ​ട്ട​ർ 35 സെൻറി​മീ​റ്റ​ർ വീ​തം തു​റ​ന്ന​ത്. ജ​ല​നി​ര​പ്പ്​ 2395-2396 അ​ടി​യാ​യി ക്ര​മീ​ക​രിക്കുകയാണ് ല​ക്ഷ്യം. ജ​ല​നി​ര​പ്പ്​ 2395 അ​ടി​യി​ലെ​ത്തി​യി​ട്ട്​ മൂ​ന്ന്​ ഷ​ട്ട​റും അ​ട​ച്ചാ​ൽ മ​തി​യെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ധാ​ര​ണ.

അതേസമയം, ഇന്ന് രാവിലെ കല്ലാർ ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 10 സെന്‍റീ മീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

രാവിലത്തെ കണക്ക് പ്രകാരം കല്ലാർ ഡാമിലെ ജലനിരപ്പ് 824.2 അടിയാണ്. 824.480 അടിയാണ് ഡാമിന്‍റെ പൂ​ർ​ണ​ സം​ഭ​ര​ണ​ശേ​ഷി.

അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിൽ എത്തിയിട്ടുണ്ട്.

Tags:    
News Summary - Water flow to Idukki Dam is strong and water level is not decreasing; Kallar Dam opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.