ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് ശക്തം, ജലനിരപ്പ് കുറയുന്നില്ല; കല്ലാർ ഡാം തുറന്നു
text_fieldsചെറുതോണി: സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നില്ലെന്ന് റിപ്പോർട്ട്. രണ്ടു ദിവസമായി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയില്ലെങ്കിലും ജല സംഭരണിയിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്താൽ നീരൊഴുക്ക് കൂടാനും സാധ്യതയുണ്ട്.
കെ.എസ്.ഇ.ബി ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 2398.18 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ബുധനാഴ്ച വൈകീട്ട് ആറ് മണിയിലെ കണക്കുപ്രകാരം ജലനിരപ്പ് 2398.02 അടിയായിരുന്നു. മഴയുടെയും നീരൊഴുക്കിന്‍റെയും അളവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് കെ.എസ്.ഇ.ബി അധികൃതരുടെ തീരുമാനം.
2403 അടിയാണ് അണക്കെട്ടിന്‍റെ പൂർണ സംഭരണശേഷി. 2398.08 അടിയിൽ നിൽക്കെയാണ് ചൊവ്വാഴ്ച രാവിലെ 11ന് മൂന്ന് ഷട്ടർ 35 സെൻറിമീറ്റർ വീതം തുറന്നത്. ജലനിരപ്പ് 2395-2396 അടിയായി ക്രമീകരിക്കുകയാണ് ലക്ഷ്യം. ജലനിരപ്പ് 2395 അടിയിലെത്തിയിട്ട് മൂന്ന് ഷട്ടറും അടച്ചാൽ മതിയെന്നാണ് പ്രാഥമിക ധാരണ.
അതേസമയം, ഇന്ന് രാവിലെ കല്ലാർ ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 10 സെന്‍റീ മീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. കല്ലാർ, ചിന്നാർ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
രാവിലത്തെ കണക്ക് പ്രകാരം കല്ലാർ ഡാമിലെ ജലനിരപ്പ് 824.2 അടിയാണ്. 824.480 അടിയാണ് ഡാമിന്‍റെ പൂർണ സംഭരണശേഷി.
അതിനിടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.