കൊച്ചി: രാജ്യത്തെ ആദ്യ ജല മെട്രോ പദ്ധതി തിരുവനന്തപുരത്ത് ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോൾ കൊച്ചിയിൽ വിപുലമായ പരിപാടികൾ. ഹൈകോർട്ട് ജല മെട്രോ ടെർമിനലിൽ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും. മന്ത്രി പി. രാജീവ്, കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 10ന് കലാപരിപാടികളോടെയാണ് തുടക്കം. തത്സമയ സംപ്രേഷണം 11ന് ആരംഭിക്കും. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് അതിഥികളും പ്രമുഖരും പങ്കെടുക്കുന്ന ജല മെട്രോ യാത്രയും നടക്കും. ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം പ്രത്യേക ബോട്ട് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
യാത്രക്കാരുമായുള്ള സർവിസ് ബുധനാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. രാത്രി എട്ടുവരെയാണ് സർവിസ്. ഹൈകോർട്ട്-ബോൾഗാട്ടി-വൈപ്പിൻ റൂട്ടാണ് ആദ്യഘട്ടത്തിൽ യാഥാർഥ്യമായിരിക്കുന്നത്. കൊച്ചിയിലെ പദ്ധതി തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ കഴിഞ്ഞദിവസം ഹൈബി ഈഡൻ എം.പി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിലും ഉദ്ഘാടനം തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്.
കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൂരത്തിൽ 38 ടെർമിനലുകളാണ് പദ്ധതി പൂർത്തിയാകുമ്പോൾ യാഥാർഥ്യമാകുക. 747 കോടിയാണ് പദ്ധതിച്ചെലവ്. സംസ്ഥാന സർക്കാറിന് 74 ശതമാനം ഓഹരിയും കെ.എം.ആർ.എല്ലിന് 26 ശതമാനവുമാണ്. എട്ട് യാത്രാബോട്ടുകളുമായിട്ടാണ് സർവിസ് തുടങ്ങുന്നത്. മിനിമം യാത്രാനിരക്ക് 20 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.