കൊച്ചി: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ മൂന്ന് കാറ്റഗറി) പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ ഉടൻ തീരുമാനം വേണമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈകോടതി. ചൂരൽമല -മുണ്ടക്കൈ ദുരന്തം സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം നവംബർ മാസത്തിനകം തന്നെ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ദുരന്തം നടന്നിട്ട് നാലു മാസമാകുന്നെന്നും കോടതി ഓർമിപ്പിച്ചു.
ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതി പരിഗണിച്ചത്.അതിതീവ്ര ദുരന്തമേഖലയായി പ്രഖ്യാപിക്കാൻ ഹൈ പവർ കമ്മിറ്റി ചേരേണ്ടതുണ്ടെന്നും ഇതുവരെ കൂടാനായിട്ടില്ലെന്നും കേന്ദ്ര സർക്കാറിനുവേണ്ടി അഡീ. സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം അഡ്വക്കറ്റ് ജനറൽ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. സഹായം നൽകില്ലെന്ന് പറയുന്നില്ലല്ലോയെന്ന് മന്ത്രിയുടെ കത്ത് പരിശോധിച്ച കോടതി അഭിപ്രായപ്പെട്ടു.
എന്നാൽ, ഒരു ഉറപ്പും കേന്ദ്രം നൽകുന്നില്ലെന്ന് എ.ജി ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് വ്യത്യസ്ത കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നിലവിലെ ഫണ്ട് ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്നും അഡീ. സോളിസിറ്റർ ജനറലും വിശദീകരിച്ചു. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും തീരുമാനം വേണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സമയബന്ധിതമായ നടപടികളാണ് വേണ്ടതെന്ന് അമിക്കസ് ക്യൂറിയും പറഞ്ഞു.
സംസ്ഥാന സർക്കാറിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവൽ മൂന്ന് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ഈ വിഭാഗത്തിൽ വയനാട് ദുരന്തം ഉൾപ്പെടുത്തുന്ന ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാനാണ് ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിനോട് നിർദേശിച്ചത്. ലെവൽ മൂന്ന് കാറ്റഗറിയിൽപെട്ട ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള സഹായം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാകും. വിഷയം നവംബർ 22ന് വീണ്ടും പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.