മുണ്ടക്കൈ (വയനാട്): ഉരുൾ ദുരന്തത്തിൽ മരിച്ച പ്രിയ പിതാവിന്റെ മൃതദേഹത്തിനായി മുഹമ്മദ് റാഷി എന്ന 30കാരൻ അന്വേഷണം തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഒടുവിൽ ശനിയാഴ്ച ജനിതകപരിശോധന ഫലം വന്നപ്പോൾ അവൻ തിരിച്ചറിഞ്ഞു, പിതാവ് അന്ത്യനിദ്രയിലുള്ളത് പല ഖബറുകളിലാണെന്ന്.
നാളുകൾ പിന്നിട്ടപ്പോൾ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരന്തഭൂമിയിൽ ആളും ബഹളവും ഒഴിഞ്ഞിട്ടുണ്ട്. അപ്പോഴും ചങ്കിൽ കെട്ടിയ വേദനയോടെ ഉറ്റവരുടെ ദേഹത്തിനായി അലയുകയായിരുന്നു ഉയിര് ബാക്കിയായവർ. താരാട്ടുപാടിയുറക്കിയ മാതാപിതാക്കളെയും ഒന്നിടറി വീണാൽ താങ്ങാകേണ്ട മക്കളെയും ഉരുളെടുത്തു. വൈകിയാണെങ്കിലും അവരുടെ മൃതദേഹങ്ങൾ പല ഭാഗങ്ങളായി വിവിധ ഖബറുകളിലുണ്ടെന്നതിൽ ആശ്വാസം കണ്ടെത്തുകയാണവർ. മുണ്ടക്കൈ ജുമാമസ്ജിദിന് സമീപത്ത് താമസിച്ചിരുന്ന പടിക്കപറമ്പൻ നാസറിന്റെ (52) മൂത്ത മകനാണ് മുഹമ്മദ് റാഷി. ദുരന്തത്തിൽ നാസർ, മകൻ സിനാൻ, പിതാവ് മൊയ്തീൻ കുട്ടി, നാസറിന്റെ പിതാവിന്റെ അനിയൻ യൂസഫ്, 12 വയസ്സുകാരൻ ഷുഹൈബ് തുടങ്ങി 15ഓളം പേരാണ് ഈ കുടുംബത്തിൽ നിന്നുമാത്രം ഇല്ലാതായത്. ഇതിൽ നാസർ, യൂസഫ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ജനിതക പരിശോധന ഫലം വന്നപ്പോഴാണ് നാസറിന്റെ മൃതദേഹം തിരിച്ചറിയാത്തവയുടെ കൂട്ടത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ ‘എൻ 156’ എന്ന നമ്പറിൽ സംസ്കരിച്ചതായി കണ്ടെത്താനായത്. പക്ഷേ, രണ്ട് ഭാഗങ്ങളായി രണ്ടു ഖബറുകളിലായിരുന്നു അത്.
254 മൃതദേഹങ്ങളാണ് സർവമത പ്രാർഥനയോടെ പുത്തുമലയിലെ ശ്മശാനത്തിൽ സംസ്കരിച്ചത്. ശരീരഭാഗങ്ങൾ ഓരോ മൃതദേഹമായി കണക്കാക്കി വെവ്വേറെ കുഴിമാടങ്ങളാണൊരുക്കിയത്. അടയാള പലകകളിൽ ‘എൻ 156’, ‘സി 85’, ‘എം 101’ തുടങ്ങിയ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘എൻ 156’ എന്നാൽ നിലമ്പൂരിൽനിന്ന് കണ്ടെടുത്ത 156ാം മൃതദേഹം എന്നാണ് സൂചന. ‘സി’ എന്നാൽ ചൂരൽമലയും ‘എം’ എന്നാൽ മുണ്ടക്കൈയുമാണ്. തിരിച്ചറിയാൻ കഴിയാത്ത ദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾതന്നെ ജനിതകപരിശോധനക്കായി സാമ്പിളുകൾ എടുത്തിരുന്നു. സംശയം ഉന്നയിക്കുന്ന ബന്ധുക്കളുടെയും. ഓരോ ശരീരഭാഗത്തിന്റെയും ഫലം വരുമ്പോൾ മേൽനമ്പറുകൾ ഒത്തുനോക്കി മേപ്പാടി പൊലീസ് സ്റ്റേഷനിൽനിന്നാണ് ബന്ധുക്കളെ വിവരം അറിയിക്കുന്നത്. ഇതനുസരിച്ച് ബന്ധുക്കൾ ശ്മമശാനത്തിലെത്തി ഉറ്റവരുടെ ഖബറിടങ്ങൾ തിരിച്ചറിയുമ്പോഴാണ് പ്രിയപ്പെട്ടവർ പല ഖബറുകളിലായാണുള്ളതെന്ന് മനസ്സിലാക്കുന്നത്. യൂസഫിന്റേത് രണ്ട് ഖബറുകളിലായും മറ്റൊരു അഞ്ചുവയസ്സുകാരന്റേത് ആറ് ഖബറുകളിലുമായാണുള്ളത്. എട്ടോളം പേരുടെയും മൃതദേഹങ്ങൾ ഇത്തരത്തിലായുണ്ട്.
പ്രിയപ്പെട്ടവരുടെ ദേഹം പല ഭാഗങ്ങളായി പല ഖബറുകളിലായതിൽ സങ്കടമില്ലേ എന്ന ചോദ്യത്തിന് മുഹമ്മദ് റാഷിയുടെ മറുപടി ഇങ്ങനെയായിരുന്നു... ‘ഞങ്ങൾ എല്ലാത്തിനോടും പൊരുത്തപ്പെടുകയാണ്. ബാക്കിയായവർക്കുവേണ്ടി ജീവിച്ചല്ലേ പറ്റൂ...’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.