കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനത്തിനും മറ്റുമായി പ്രതീക്ഷിക്കുന്ന ചെലവ് (എസ്റ്റിമേറ്റ്) സംബന്ധിച്ച് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പുതിയ വിവാദത്തിന് തിരികൊളുത്തി. ദുരന്തനിവാരണത്തിനും രക്ഷാപ്രവർത്തനത്തിനുമായി 1202 കോടി ചെലവാകുമെന്ന സത്യവാങ്മൂലത്തിലെ പരാമർശം ഏതാനും വാർത്ത ചാനലുകൾ ‘ദുരന്തനിവാരണത്തിന് ചെലവായ തുക’ എന്ന നിലയിൽ റിപ്പോർട്ട് ചെയ്തതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. രക്ഷാപ്രവർത്തനത്തിൽ സൗജന്യമായി സേവന മനസ്സോടെ പങ്കെടുത്ത സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇത്രയും തുക എങ്ങനെ ചെലവായെന്ന ചോദ്യവുമായി രംഗത്തെത്തിയതോടെ സർക്കാർ സംശയമുനയിലായി.
ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവായെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. മൃതദേഹം സംസ്കരണം പൂർണമായും നടത്തിയത് സന്നദ്ധസംഘങ്ങളായിരുന്നു. പിന്നെ എങ്ങനെ ഇത്ര തുക ചെലവുവന്നു എന്ന ചോദ്യവും ഉയർന്നു. സമാനമായി വളണ്ടിയർമാർക്ക് നൽകിയ ഭക്ഷണം, വസ്ത്രം, മെഡിക്കൽ ഐയ്ഡ് തുടങ്ങിയ കാര്യങ്ങളിലും ചോദ്യങ്ങളുയർന്നു. വയനാട് ദുരന്തത്തിന്റെ മറവിൽ സർക്കാർ അഴിമതി നടത്തിയെന്ന തരത്തിൽ ഏതാനും പ്രതിപക്ഷ പാർട്ടി നേതാക്കളൂം രംഗത്തെത്തിയതോടെ വിവാദം ഒരുപകൽ മുഴുവൻ കത്തി. സർക്കാർ പക്ഷത്തുനിന്ന് വിശദീകരണവുമായി ആദ്യം രംഗത്തെത്തിയത് മന്ത്രി എം.ബി രാജേഷ് ആണ്. ആഗസ്റ്റ് 19ന് കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടം തന്നെയാണ് ഹൈകോടതിയിൽ സത്യവാങ്മൂലമായി നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനും വിശദീകരണ പ്രസ്താവന പുറത്തിറക്കി. നിലവിൽ സമർപ്പിച്ച മെമ്മോറാണ്ടത്തിലെ തുക അപര്യാപ്തമാണെന്നും അവർ വ്യക്തമാക്കി. വൈകുന്നേരത്തോടെ മുഖ്യമന്ത്രിയും വിശദീകരണക്കുറിപ്പ് പുറത്തിറക്കിയതോടെ വിവാദങ്ങൾക്ക് അർധ വിരാമമായി. അതിനിടെ, സർക്കാർ തുക പെരുപ്പിച്ചു കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി വി.മുരളീധരൻ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളും രംഗത്തെത്തി.
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ നാശനഷ്ടവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് 1202 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി. ആളുകളെ ഒഴിപ്പിക്കാനുള്ള വാഹനങ്ങൾക്ക് 12 കോടിയും 359 മൃതദേഹങ്ങൾ സംസ്കരിക്കാൻ 75,000 രൂപ വീതം 2.77 കോടിയുമാണ് പ്രതീക്ഷിക്കുന്നത്. വയനാട് ദുരന്തത്തെതുടർന്ന് സർക്കാർ സ്വമേധയാ സ്വീകരിച്ച ഹരജിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. കേന്ദ്രസഹായത്തിനായി തയാറാക്കിയ ‘മെമോറാണ്ടം -കേരള’ എന്ന രേഖയിലെ കണക്ക് അടക്കമാണ് കോടതിയിൽ സമർപ്പിച്ചത്.
രക്ഷാപ്രവർത്തകരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രക്കുമായി 6.5 കോടി ചെലവാകുമെന്ന് ഇതിൽ പറയുന്നു. വ്യോമസേനയുടെ എയർലിഫ്ടിങ് ദൗത്യത്തിന് 17 കോടി നൽകേണ്ടിവരും. സൈന്യം പണിത ബെയ്ലി പാലവുമായി ബന്ധപ്പെട്ട് ഒരുകോടിയുടെ ചെലവും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, മരിച്ചവരുടെ ആശ്രിതർക്ക് 14.36 കോടിയും പരിക്കേറ്റ 300ലധികം പേർക്കായി 17.5 കോടിയും ഉപജീവന സഹായത്തിന് 14 കോടിയുമേ വേണ്ടിവരൂ എന്നാണ് ദുരന്തനിവാരണ അതോറിറ്റി കണക്കാക്കുന്നത്. 14 ക്യാമ്പുകൾ ഒരുമാസം പ്രവർത്തിക്കുമ്പോൾ ഭക്ഷണത്തിന് എട്ടുകോടി, വസ്ത്രത്തിന് 11 കോടി, ആരോഗ്യ സേവനത്തിന് എട്ടുകോടി, ജനറേറ്ററിന് ഏഴുകോടി എന്നിങ്ങനെ ചെലവാകും. ഡി.എൻ.എ പരിശോധനയുമായി ബന്ധപ്പെട്ട് മൂന്നുകോടിയാണ് ചെലവ് വരുക. 2010 പേർ വീടുകളിലേക്ക് മടങ്ങുന്നതുവരെ മൂന്നു മാസത്തേക്ക് ദിവസേന 300 രൂപ വീതം ചെലവുവരുന്നത് 5.43 കോടിയാണ്. മഴക്കോട്ട്, കുട, ബൂട്ട്, ടോർച്ച് എന്നിവക്ക് 2.98 കോടി, ഡ്രോണുകൾക്ക് മൂന്നുകോടി, മണ്ണുമാന്തികൾക്ക് 15 കോടി എന്നിങ്ങനെയും സർക്കാർ വളന്റിയർമാരുടെ ആരോഗ്യ സുരക്ഷക്ക് 2.02 കോടിയുമാണ് ചെലവ്. തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവക്കായി 47 കോടി പ്രതീക്ഷിക്കുന്നു. കൃഷി, മൃഗസംരക്ഷണ നഷ്ടപരിഹാരമായി 297 കോടി, വീട് പുനർനിർമാണത്തിന് 250 കോടി, സർക്കാറിനുണ്ടായ സ്വത്ത് നഷ്ടത്തിന് പരിഹാരം 56 കോടി, ടൂറിസം നഷ്ടപരിഹാരത്തിന് 50 കോടി, ഭൂമി പുനരുദ്ധാരണത്തിന് 36 കോടി, താൽക്കാലിക ക്യാമ്പുകൾക്ക് 34 കോടി, മൂന്ന് സ്കൂളുകളുടെ പുനരുദ്ധാരണത്തിന് 18 കോടി, വൈദ്യുതി പുനഃസ്ഥാപനത്തിന് 14 കോടി, വെള്ളക്കെട്ട് നിവാരണത്തിന് മൂന്ന് കോടി എന്നിങ്ങനെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മേയ് മുതൽ ജില്ല ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി ഒരുക്കങ്ങൾ ആരംഭിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. മണ്ണ് നീക്കവും ഖനനവും ടൂറിസ്റ്റുകളുടെ വരവും നിരോധിച്ചു. മൺസൂൺ മുന്നൊരുക്കങ്ങൾ നിരന്തരം വിലയിരുത്തി. ദുരന്തത്തിന് ദിവസങ്ങൾക്കുമുമ്പേ മുന്നറിയിപ്പ് നൽകിയതിലൂടെ ഒട്ടേറെ കുടുംബങ്ങളെ രക്ഷപ്പെടുത്താൻ സഹായിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.