കൽപറ്റ: ഒറ്റരാത്രികൊണ്ട് മൂന്ന് ഗ്രാമങ്ങൾ ഇല്ലാതായ ഉരുൾ ദുരന്തത്തിൽ ഭാഗ്യംകൊണ്ട് ജീവൻ ബാക്കിയായവരോട് സർക്കാർ അവഗണന. ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരും നിത്യരോഗികളായി ദുരന്തമേഖലയിൽ കഴിഞ്ഞിരുന്നവരും തുടർ ചികിത്സക്ക് മാർഗമില്ലാതെ വാടക ക്വാർട്ടേഴ്സുകളിൽ അനുഭവിക്കുന്നത് നരക യാതന. കൂടാതെ ദുരന്തമേഖലയിൽ കിടപ്പുരോഗികളായിരുന്നവരും നിരവധി. ദുരന്ത ബാധിതരെ സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അപകട സമയത്തുണ്ടായ ചികിത്സച്ചെലവുകൾ ഒഴികെ തുടർ ചികിത്സക്ക് ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.
പൂക്കോയ തങ്ങള്‍ ഹോസ്പിസ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ സർവേയിൽ അപകടത്തിൽ പരിക്കേറ്റവരും നിത്യരോഗികളുമായ 113 പേർക്ക് തുടർ ചികിത്സ ആവശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരുടേയും പരിക്ക് ഗുരുതരമാണ്. ആശ്രിതർ ദുരന്തത്തിൽ മരിക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്ത നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്.
ഉരുളിൽ ഒലിച്ചുപോയ മുണ്ടക്കൈ സ്വദേശിനി മുബഷിറക്ക് ദുരന്തത്തിൽ അഞ്ചു പൊട്ടലുകളാണ് ശരീരത്തിലുണ്ടായത്. ഇപ്പോൾ തമിഴ്നാട്ടിൽ ബന്ധുവീട്ടിൽ കഴിയുന്ന ഇവർക്ക് മാസത്തിൽ രണ്ടുതവണ ചികിത്സക്ക് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തണം. ഉരുൾപൊട്ടലിൽ രണ്ടു മക്കളും ഇവർക്ക് നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ വെങ്ങപ്പള്ളിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അനിൽ കുമാറിന് കട്ടിലിൽനിന്ന് എഴുന്നേൽക്കാൻപോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
13 വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തിനും അന്നനാളത്തിനും ഗുരുതരമായി പരിക്കേറ്റ് കൈ പൊട്ടി 14 ദിവസം വെന്റിലേറ്ററിലും തുടർന്ന് 46 ദിവസം ആശുപത്രിയിലും ചികിത്സയില്‍ കഴിഞ്ഞ ചൂരൽമലയിലെ ആയിഷ തുടർ ചികിത്സയിലാണ്. ഇപ്പോൾ പിണങ്ങോട് വാടകവീട്ടിൽ കഴിയുന്ന മുണ്ടക്കൈ സ്വദേശിനിയായ മൂന്നു മക്കളുടെ മാതാവ് ശരീരം തളർന്ന് കിടപ്പിലാണ്. ഇവരുടെ മാതാവിന്റെ എസ്റ്റേറ്റ് ജോലിയായിരുന്നു കുടുംബത്തിന്റെ വരുമാനം. താമസം അകലെയായതോടെ അതും നിലച്ചു. പരിക്കേറ്റതും നിത്യരോഗികളുമായവരിൽ 60 ശതമാനവും സ്ത്രീകളാണ്. നിത്യരോഗികളിൽ 28 ശതമാനവും ശ്വാസകോശ രോഗികൾ. രണ്ട് അർബുദ ബാധിതരുമുണ്ട്. തുടർ ചികിത്സ ആവശ്യമുള്ളവരിൽ 23 ശതമാനം മുറിവ് പറ്റിയവരും 15 ശതമാനം എല്ലു തകർന്നവരുമാണ്. 25ലധികം പേർ ദുരന്ത ഓർമകളിൽ ഇപ്പോഴും ഉറക്കം നഷ്ടപ്പെട്ടവരാണെന്ന് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. 20 -25 ശതമാനം പേർ മാനസികാഘാതത്തിൽതന്നെയാണ് കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.