തിരുവനന്തപുരം: ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും വീണ്ടെടുക്കുന്നതിന് ഐ.ടി മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഡാറ്റാ ബേസ് ഏകോപിപ്പിച്ച് സംയുക്ത ദൗത്യം. ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ഡാറ്റകൾ സമാഹരിച്ച് ഒറ്റ പോർട്ടൽ സജ്ജമാക്കിയത്.
നിലവിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് അനുബന്ധമായി തന്നെ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചാണ് വിലപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് അടിയന്തര ഇടപെടൽ. ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, ജനന മരണ സർട്ടിഫിക്കറ്റുകൾ, തൊഴിലുറപ്പ് കാർഡുകൾ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കൈവശാവകാശ രേഖകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ , ഭൂരേഖകൾ, മറ്റ് റവന്യൂ രേവകൾ, ബാങ്ക് പാസബുക്കുകൾ, എ.ടി.എം കാർഡുകൾ തുടങ്ങിയവയാണ് വീണ്ടെടുക്കുക.
വെള്ളിയാഴ്ച തന്നെ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. റേഷൻ കാർഡടക്കം ക്യാമ്പുകളിൽ അന്ന് തന്നെ ലഭ്യമാക്കുകയാണ്. കൂടുതൽ നടപടി ക്രമങ്ങൾ ആവശ്യമുള്ള രേഖകൾ 30 ദിവസത്തിനുള്ളിലും. 2018, 2019 വര്ക്ഷങ്ങളിലെ പ്രളയകാലത്ത് സമാന രീതിയിൽ കൗണ്ടറുകൾ പ്രവർത്തിപ്പിച്ച് രേഖകൾ വീണ്ടെടുത്തിരുന്നു. ക്യാമ്പുകളിലെ നോഡൽ ഓഫീസർമാരാണ് ഓരോരുത്തരുടെയും നഷ്ടപെട്ട രേഖകൾ സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കുന്നത്. ക്യാമ്പിൽ നിന്ന് മടങ്ങിയവരുടെ വിവരങ്ങളും ഇത്തരത്തിൽ ശേഖരിക്കും.
ഐ.ടി. മിഷൻ ജില്ല കോർഡിനേറ്റർ ഈ വിവരങ്ങൾ കളക്ടർക്കും ഐ.ടി മിഷൻ ഡയറക്ടർക്കും കൈമാറും. തുടർന്ന് പേര്, വിലാസം, ജനന തിയതി, ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ തുടങ്ങിയ പൊതു തിരിച്ചറിയിൽ വിവരങ്ങൾ വഴിലാണ് അപേക്ഷകരുടെ രേഖകൾ ഡിജിറ്റൽ സ്വഭാവത്തിൽ ഡിജിറ്റൽ യൂനിവേഴ്സിറ്റി തയ്യാറാക്കിയ പോർട്ടൽ വഴി കണ്ടെത്തുക. ഇവ തത്സമയം തന്നെ പ്രിന്റ് എടുത്ത് നൽകും. അപേക്ഷ ഫീസുകളും മറ്റും ഒഴിവാക്കി ഓരോ വകുപ്പുകളും ഇതിനോടകം ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളാണ് കൗണ്ടറുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.