തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളമുന്നയിച്ച സുപ്രധാന മൂന്ന് ആവശ്യങ്ങളിൽ അഞ്ച് മാസങ്ങൾക്കുശേഷം അംഗീകരിച്ചത് ഒന്നുമാത്രം. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വയനാട്ടിലേത് ‘ഗുരുതരസ്വഭാവമുള്ള ദുരന്ത’മായി പരിഗണിക്കണമെന്ന ഒന്നാമത്തെ ആവശ്യമാണ് അംഗീകരിച്ചതായി കഴിഞ്ഞദിവസം കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അന്തർദേശീയ സ്ഥാപനങ്ങളിൽനിന്ന് സമാഹരിക്കാമെന്നതാണ് ഇതുവഴിയുള്ള നേട്ടം. ഒപ്പം ദേശീയ ദുരന്തപ്രതികരണ നിധിയിൽനിന്ന് കൂടുതൽ സഹായവും ലഭിക്കും. ഓഖിയും 2018ലെ പ്രളയവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ദുരന്തങ്ങളെ നാലായി തിരിച്ചതിൽ അവസാനത്തേതാണ് ‘സിവിയർ നേച്ചർ. ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രസഹായത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇവ. ഈ അർഥത്തിലുള്ള പ്രതീക്ഷയും കേരളത്തിനുണ്ട്. ഇതിന് അനുബന്ധമായി വരുന്നവയാണ് മറ്റ് ആവശ്യങ്ങളെന്നിരിക്കെ, ഇക്കാര്യങ്ങളിൽ പ്രതികരിക്കാത്തത് ആശങ്കയുയർത്തുന്നു.
രാജ്യത്തുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞമാസം ധനസഹായം പ്രഖ്യാപിച്ചപ്പോഴും ഏറ്റവും കുറവ് സഹായമാണ് കേരളത്തിന് ലഭിച്ചത്, 145.60 കോടി രൂപമാത്രം. നിലവിൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് എല്ലാ വർഷവും കേന്ദ്രം നൽകേണ്ട വിഹിതമായി 5858.60 കോടി അനുവദിച്ചപ്പോഴാണ് വലിയ ദുരന്തം നേരിട്ട കേരളത്തോടുള്ള അവഗണന.
അതേസമയം പുനരധിവാസ ദൗത്യവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. 1300 കോടിയുടെ നഷ്ടമാണ് ഉരുള്പൊട്ടലിലുണ്ടായതെങ്കിലും പുനർനിര്‍മാണത്തിന് 2262 കോടി ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്റെ (ഐ.എം.സി.ടി) പരിശോധനക്ക് ഇത്രയേറെ കാലതാമസമുണ്ടാകുന്നതിന് ന്യായീകരണമില്ലെന്ന വിമർശനമുള്ളപ്പോഴും ഈ സംഘം ആവശ്യങ്ങൾ വീണ്ടും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
ദുരന്തനിവാരണ നിയമത്തിന്റെ സെക്ഷൻ 13 പ്രകാരം ഉരുൾ ദുരന്തത്തിലെ ഇരകളുടെ വായ്പകൾ എഴുതിത്തള്ളണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. മൂവായിരത്തോളം വായ്പകളിലായി 35.32 കോടിയുടെ കടമാണ് ദുരന്തബാധിതർക്കുള്ളതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്ടെത്തിയത്. 12 ബാങ്കുകളിലാണ് ഈ വായ്പകൾ. ഇതില്‍ 2460 പേർ കാർഷിക വായ്പയെടുത്തവരാണ്. 19.81 കോടിയാണ് ഈ ഇനത്തിലെ കടം. 245 ചെറുകിട സംരംഭകർ എടുത്ത 3.4 കോടിയുടെ വായ്പയാണ് രണ്ടാമത്തേത്. ഇവ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയടക്കം ആവശ്യപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല.
ദുരന്തപ്രതികരണ നിധിയിൽനിന്ന് അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്നതാണ് കേരളത്തിന്റെ സുപ്രധാനമായ മൂന്നാമത്തെ ആവശ്യം. 750 കോടി ചെലവിൽ രണ്ടിടത്തായി ടൗൺഷിപ്പുകളടക്കം സർക്കാർ വിഭാവനം ചെയ്യുന്നു. 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് പുനരധിവാസ പാക്കേജിൽ രൂപകൽപന ചെയ്യുന്നത്.
ഭാരിച്ച സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്ന പുനരധിവാസ ദൗത്യത്തിന് കേന്ദ്ര സഹായം അനിവാര്യമാണ്. ഈ ആവശ്യത്തിൽ കേന്ദ്രം മൗനം തുടരുന്നു. എസ്.ഡി.ആർ.എഫിൽ അനുവദിച്ച തുകയുടെ പേരിലാണ് കേന്ദ്രസഹായം നൽകിയെന്ന പ്രചാരണം ബി.ജെ.പി-സംഘ്പരിവാർ കേന്ദ്രങ്ങൾ നടത്തുന്നു. വയനാടിന്റെ പുനരധിവാസത്തിന് എസ്.ഡി.ആര്.എഫ് അല്ല, പ്രത്യേക സാമ്പത്തിക പിന്തുണയാണ് വേണ്ടതെന്ന് നേരത്തെ സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരാഖണ്ഡ്, അസം, ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇത്തരത്തിൽ സ്പെഷല്‍ ഫിനാന്‍ഷ്യല്‍ പാക്കേജ് നല്‍കിയിട്ടുണ്ട്.
ലെവൽ സീറോ: അധികം ആഘാതങ്ങളില്ലാത്ത സാധാരണ ദുരന്തങ്ങൾ
ലെവൽ വൺ: ജില്ലയിൽ തന്നെ പരിഹരിക്കാവുന്ന ദുരന്തങ്ങൾ
ലെവൽ ടു: സംസ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നവ
ലെവൽ ത്രീ: കേന്ദ്രസഹായത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നവ (ഡിസാസ്റ്റർ ഓഫ് സിവിയർ നേചർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.