കൽപറ്റ: 1982ലാണ് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ വയനാട്ടിൽ എത്തിയത്. ഇന്ദിരയുമായി ഏറെ രൂപസാദൃശ്യമുള്ള പേരക്കുട്ടി പ്രിയങ്ക ഗാന്ധിയും ഏറെ തവണ വയനാട്ടിൽ വന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ പ്രിയങ്ക ചുരം കയറുന്നത് ഏറെ വ്യത്യസ്തതകളോടെയാണ്. തന്റെ കന്നിയങ്കത്തിന് അവരെത്തുമ്പോൾ വയനാട്ടുകാരുടെ ഇന്ദിരസ്നേഹവും പ്രിയങ്കയുടെ കരുത്ത്കൂട്ടും. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് പ്രിയങ്കക്ക് വഴിയൊരുക്കുന്ന ആദ്യ മണ്ഡലമായി മാറിയതോടെ വയനാട് വീണ്ടും ദേശീയ ശ്രദ്ധനേടുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് പൊതുവേ മണ്ഡലത്തിലുള്ളത്. ശക്തമായ നിലപാടും മോദിയടക്കമുള്ളവരെ മൂർച്ചയേറിയ വാക്കുകളിലൂടെ പൊള്ളിക്കുകയും ചെയ്യുന്ന പ്രിയങ്ക സ്ത്രീവോട്ടർമാരെയും ഏറെ സ്വാധീനിക്കുന്നുണ്ട്.
പാർട്ടികൾക്ക് അതീതമായി അവർക്ക് എല്ലാവരുടെയും വോട്ടുകിട്ടുന്ന സ്ഥിതിയുമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാടിനൊപ്പം മത്സരിച്ച ഉത്തർപ്രദേശിലെ റായ്ബറേലിയിലും വൻവിജയം നേടിയതോടെയാണ് രാഹുലിന് വയനാട് ഒഴിയേണ്ടിവന്നതും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി സഹോദരി പ്രിയങ്ക എത്തുന്നതും.
വോട്ടർമാർക്ക് നന്ദിപറയാൻ കഴിഞ്ഞ ദിവസം വയനാട്ടിലും മലപ്പുറത്തും രാഹുൽ എത്തിയപ്പോൾ ഇരുമണ്ഡലങ്ങളിലെയും ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനമാണ് ഉണ്ടാവുകയെന്ന് പറഞ്ഞപ്പോൾ തന്നെ വയനാട്ടിൽ പ്രിയങ്ക സ്ഥാനാർഥിയാകുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു.
എന്നാൽ, വയനാട് തന്റെ കുടുംബമാണെന്ന് നിരന്തരം പറയുന്ന രാഹുൽ മണ്ഡലം ഒഴിയുന്നത് വഞ്ചനയാണെന്നാണ് എതിരാളികളുടെ പ്രധാന പ്രചാരണം. പ്രിയങ്ക മത്സരിക്കാതിരുന്നാൽ ആ പ്രചാരണം ഏശുമെന്നും മറ്റാര് വന്നാലും ജയസാധ്യതയെ തന്നെ ബാധിക്കുമെന്നും കേരള നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെ. മുരളീധരന്റെയടക്കം പേരുകളും ഉയർന്നു. എന്നാൽ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലടക്കം സംസ്ഥാനത്ത് യു.ഡി.എഫിന് ഗുണകരമാകുന്നതുകൂടി കണ്ടാണ് പ്രിയങ്കയുടെ വരവ് ഉറപ്പിച്ചത്. രണ്ടാം ഇന്ദിരഗാന്ധിയുടെ വരവാണ് വയനാട്ടിലേതെന്നും ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കുമെന്നും എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും പ്രതികരിച്ചു.
യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമാണ് വയനാട്. എന്നാൽ, 2014ൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് സി.പി.ഐയുടെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടിന് മാത്രമാണ് ജയിച്ചത്. 2009ൽ ഷാനവാസിന്റെ ഭൂരിപക്ഷം 1,53,439 ആയിരുന്നു. 2019ൽ രാഹുൽ ഗാന്ധി എത്തിയതോടെയാണ് 4,31,770 എന്ന വൻ ഭൂരിപക്ഷം നേടുന്നത്.
സുപരിചിതമുഖമല്ലാതിരുന്ന സി.പി.ഐ നേതാവ് പി.പി. സുനീറായിരുന്നു അന്ന് എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ ദേശീയ നേതാവ് ആനി രാജ എതിരാളിയായതോടെ 67,000 വോട്ട് കുറഞ്ഞ് ഭൂരിപക്ഷം 3,64,422 ആയി.
മലപ്പുറം: രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുകയാണെങ്കിൽ പകരം പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം മുസ്ലിം ലീഗ് നേരത്തേ കോൺഗ്രസിനെ അറിയിച്ചിരുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രിയങ്കയെ മത്സരിപ്പിക്കാനുള്ള തീരുമാനം ‘ഇൻഡ്യ’ മുന്നണിക്ക് വലിയ ആത്മവിശ്വാസം പകരും. പ്രിയങ്ക പാർലമെന്റിലുണ്ടാവേണ്ട അനിവാര്യസന്ദർഭമാണിതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ‘ഇൻഡ്യ’ മുന്നണിക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ് പ്രിയങ്കയുടെ വരവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് രാഹുലും പ്രിയങ്കയും. ഇൻഡ്യ മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.