കൊച്ചി: നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ചാൽ വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലം വിട്ടുനൽകാൻ തയാറാണോയെന്ന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളോട് ഹൈകോടതി. ചൂരൽമല - മുണ്ടക്കൈ ദുരന്തബാധിതർക്കായി മോഡൽ ടൗൺഷിപ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ ഭൂമിയുടെ കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം ആരാഞ്ഞത്.
നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടറും കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടറും ഏറ്റെടുക്കാനുള്ള സർക്കാർ നീക്കമാണ് ഇരുവരും ചോദ്യം ചെയ്തിരിക്കുന്നത്.ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
നിയമപ്രകാരം നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണമെന്ന് കോടതിയും അഭിപ്രായപ്പെട്ടു. ഏറ്റെടുക്കാനുള്ള ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെങ്കിലും ഹരജിക്കാരുടെ ഭൂമി സംബന്ധിച്ച് സിവിൽ കോടതിയിൽ കേസുള്ളതിനാൽ തുക നേരിട്ട് നൽകാനാവില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഹരജി നവംബർ 12ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.