ചേലക്കര: പി.വി. അൻവർ എം.എൽ.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചേലക്കര പൊലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയിലാണ് ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസെടുത്തത്.
കേസ് കോടതിയിൽ നേരിടുമെന്ന് അൻവർ അറിയിച്ചു. അന്വേഷണത്തിനുശേഷമേ തുടർനടപടികളെക്കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്ന് ചേലക്കര പൊലീസും അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടുകൂടിയാണ് എം.എൽ.എ അനുയായികളോടൊത്ത് ആശുപത്രിയിലെത്തി സൂപ്രണ്ടിനെ അന്വേഷിക്കുകയും ഡ്യൂട്ടി ഡോക്ടറെ വിമർശിക്കുകയും ചെയ്‌തത്. സുമനസ്സുകളുടെ സംഭാവനയായി ലഭിക്കാനിടയുള്ള ഡയാലിസിസ് മെഷീൻ സ്ഥാപിക്കുന്നതിന് ആശുപത്രിയിൽ സൗകര്യം ഉറപ്പാക്കാനും അക്കാര്യം സൂപ്രണ്ടുമായി ചർച്ചചെയ്യാനുമാണ് താൻ ആശുപത്രിയിൽ എത്തിയതെന്നാണ് എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിക്കുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ, സംസ്ഥാന സെക്രട്ടറി ഡോ. കെ. ശശിധരൻ എന്നിവർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.