തിരുവനന്തപുരം: ഹൈകോടതി തടഞ്ഞ അന്വേഷണ കമീഷന് ആറുമാസം കൂടി കാലാവധി നീട്ടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണ വിധേയമായ നയതന്ത്ര സ്വർണക്കടത്ത് കേസുൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമീഷന്റെ കാലാവധിയാണ് നീട്ടാൻ തീരുമാനിച്ചത്. കമീഷനെ നിയമിച്ചത് ഹൈകോടതി തടഞ്ഞ കാര്യം മന്ത്രിസഭ യോഗത്തിൽ ചൂണ്ടിക്കാട്ടിയപ്പോൾ അതിനെതിരെ അപ്പീലുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിക്കുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു സർക്കാറിന്റെ നീക്കം. ഹൈകോടതി വിലക്ക് വന്നതോടെ നടപടികളിലേക്കൊന്നും കടക്കാൻ കമീഷന് കഴിഞ്ഞില്ല.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നിവയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. സംസ്ഥാന മന്ത്രിമാർ, സ്പീക്കർ എന്നിവരെ പ്രതിചേർക്കാൻ ശ്രമമുണ്ടായെന്ന മറ്റൊരുപ്രതി സന്ദീപ് നായരുടെ വെളിപ്പെടുത്തലുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രണ്ട് കേസ് രജിസ്റ്റർ ചെയ്തു.
ഇതിനെതിരെ ഇ.ഡി ഹൈകോടതിയിലെത്തിയതോടെ 2021 ഏപ്രിലിൽ രണ്ട് എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കി. തുടർന്നാണ് സർക്കാർ 2021 മേയ് ഏഴിന് റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.കെ. മോഹനനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. ജുഡീഷ്യൽ അന്വേഷണത്തിനെതിരെ ഇ.ഡി ഹൈകോടതിയെ സമീപിച്ചു. കമീഷനെ പ്രഖ്യാപിച്ച സർക്കാർ നടപടി 2021 ആഗസ്റ്റിൽ ഹൈകോടതി സിംഗ്ൾ ബെഞ്ച് സ്റ്റേ ചെയ്തു. വിധിക്കെതിരെ സർക്കാർ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. 2023 ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ കമീഷനുവേണ്ടി അന്നുവരെ 83.76 ലക്ഷം രൂപ ചെലവായതായി വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഇ.ഡി-കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥലംമാറ്റം ലഭിച്ച് സംസ്ഥാനം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.