വാകേരി: കൂടല്ലൂരിൽ നരഭോജി കടുവയെ പിടികൂടാൻ വനംവകുപ്പിന്റെ തിരച്ചിൽ ഒരാഴ്ച കഴിഞ്ഞിട്ടും വിഫലമാകുന്നു. കടുവയെ പിടിക്കാൻ ഒരു കൂടുകൂടി സ്ഥാപിച്ചു. കൂടല്ലൂർ കവലക്ക് സമീപമുള്ള വനംമേഖലയോട് ചേർന്നുള്ള തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. നിലവിൽ നാല് കൂടുകളാണ് കടുവക്കായി ഒരുക്കിയിട്ടുള്ളത്. പ്രജീഷിന്റെ മൃതദേഹം കിട്ടിയ പരിസരത്ത് സമീപവും കോളനി കവലയിലും കൂടല്ലൂരിൽ കോഴിഫാമിനടുത്തുമാണ് മറ്റ് മൂന്ന് കൂടുകളുള്ളത്. വട്ടത്താനി വയലിൽ ശനിയാഴ്ച കടുവയുടെ കാൽപാടുകൾ കണ്ടു. വട്ടത്താനി വിഷ്ണുക്ഷേത്രത്തിനു സമീപത്തുള്ള വെമ്പിലാത്ത് വി.സി. നാരായണന്റെ കപ്പയിട്ട വയലിലാണ് ശനിയാഴ്ച രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടത്. മുമ്പും ഇവിടെ കടുവ എത്തിയിട്ടുണ്ട്. ചെതലയം കാടിനോട് ചേർന്നുള്ള പാമ്പ്ര എസ്റ്റേറ്റിൽ മുമ്പ് നിരവധി തവണ കടുവ എത്തിയിട്ടുണ്ട്. പാമ്പ്ര തോട്ടം വഴിയാണ് സാധാരണ വട്ടത്താനി ഭാഗത്ത് കടുവ എത്താറ്. വനം പോലെ കിടക്കുന്ന തോട്ടത്തിൽ കടുവകൾക്ക് തങ്ങാൻ അനുകൂല സാഹചര്യമാണ്. റോഡരികിൽ കടുവയുടെ വിസർജ്യവും കണ്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് കർഷകനായ പ്രജീഷിനെ കടുവ കൊന്നത്. ആ രാത്രി മുതൽ കടുവക്കായി വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ , പിടികൂടാൻ കഴിയുന്നില്ല. വാകേരിയിലെ നിറഞ്ഞു കിടക്കുന്ന കാപ്പിത്തോട്ടവും കുറ്റിച്ചെടികൾ നിറഞ്ഞ കാടുകളും കടുവയെ പിടകൂടാൻ പറ്റിയ സാഹചര്യമല്ല സൃഷ്ടിക്കുന്നത്. ശനിയാഴ്ചയും ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ ഊർജിതമാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. കുങ്കിയാനകളടക്കം തിരച്ചിൽ നടത്തുന്നുണ്ട്. വെള്ളിയാഴ്ച ഞാറ്റാടി സാബുവിന്റെ വീട്ടുമുറ്റത്തും കാൽപാടുകൾ കണ്ടിരുന്നു. സമീപത്തെ വയലിലും കാൽപാടുകൾ കണ്ടെത്തി. ചൊവാഴ്ച ഗാന്ധിനഗർ 90ൽ കടുവയെ പ്രദേശവാസികൾ കണ്ടിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.