കൽപറ്റ: ഉരുൾ ദുരന്തത്തിൽ നാടിനൊപ്പം നിശ്ചലമായ വയനാട് ടൂറിസം പൂർവ സ്ഥിതിയിലേക്ക്. സഞ്ചാരികൾക്ക് ഇനി ധൈര്യമായി വയനാട്ടിലേക്കു വരാം. അടച്ചിട്ട എട്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാമെന്ന കോടതി വിധി, പ്രതിസന്ധിയിലായിരുന്ന വയനാടൻ ടൂറിസം മേഖലക്ക് പുത്തനുണർവായി. ഇതോടെ വയനാട് പൂർണാർഥത്തിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ സജ്ജമായി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടിയായതോടെ മുത്തങ്ങയിലും തോൽപെട്ടിയിലും കാനന സഫാരി ബുധനാഴ്ച മുതൽ ആരംഭിച്ചു. വനം വകുപ്പിന്റെ മിനി ബസുകളിൽ കാനന യാത്രക്ക് ആദ്യ ദിനം തന്നെ നിരവധി സഞ്ചാരികളാണ് എത്തിയത്. കോടതി ഉത്തരവിന് വിധേയമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതൽ 10 വരെയും വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെയുമാണ് കാനന സഫാരി. മേപ്പാടിയിലെ തൊള്ളായിരംകണ്ടിയും ബുധനാഴ്ച മുതൽ തുറന്നത് സഞ്ചാരികൾക്കും ഒപ്പം കേന്ദ്രത്തെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് തൊഴിലാളികൾക്കും ആശ്വാസമാകും.
ജൂലൈ 30ന് മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ നൂറു കണക്കിന് മനുഷ്യ ജീവനും ജീവിത സമ്പാദ്യങ്ങളും കശക്കിയെറിഞ്ഞ ഉരുൾ ദുരന്തം ഇന്ത്യയിലെ 10 പ്രധാന ടൂറിസം ഹബുകളിലൊന്നായ വയനാടിന്റെ വിനോദ സഞ്ചാരമേഖലയെ പാടേ നിശ്ചലമാക്കിയിരുന്നു. വയനാടിന്റെ മൊത്തം വിസ്തൃതിയുടെ ആറു ശതമാനത്തിൽ (125.96 ചതുരശ്ര കിലോമീറ്റർ) മാത്രമാണ് ഉരുൾ പൊട്ടലിന്റെ ആഘാതമുണ്ടായതെങ്കിലും വയനാട് പൂർണമായും തകർന്നുവെന്ന പ്രചാരണം ടൂറിസത്തെ കാര്യമായി ബാധിച്ചു. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രം ഉരുൾ നാശം വിതച്ചപ്പോൾ തെറ്റായ പ്രചാരണം വിദേശ, ആഭ്യന്തര സഞ്ചാരികളെ വയനാട്ടിലേക്ക് വരുന്നതിൽ പിറകോട്ടടിപ്പിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുശേഷം മൂന്നാഴ്ചക്കുള്ളിൽ 20 കോടിയിലധികം രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലകള്‍ക്കും ഉണ്ടായത്. ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന ആയിരങ്ങൾ പട്ടിണിയിലേക്കും ദുരിതത്തിലേക്കും കൂപ്പുകുത്തി. ജില്ലയിൽ നാലായിരത്തോളം റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളും ഉണ്ടെന്നാണ് കണക്ക്. ഇവയെല്ലാം അടച്ചിട്ടു. ഓണക്കാലത്തുപോലും ഇത്തവണ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. എങ്കിലും ഓണനാളിലെ നാലു ദിവസം 39,363 പേർ വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത് വയനാട് ടൂറിസത്തിന് ഉയർത്തെഴുന്നേൽപിന് തുടക്കമായി. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ട സമയത്തായിട്ടും 24 ലക്ഷം രൂപയുടെ വരുമാനം ടൂറിസം കേന്ദ്രങ്ങളിലെത്തി. സ്വകാര്യ സംരംഭങ്ങളുടെ കണക്കുകൾ ഇതിനു പുറമെയാണ്.
ജില്ലയിൽ കൂടുതൽ സഞ്ചാരികളെത്തിയിരുന്ന പൂക്കോട് തടാകത്തിൽ സെപ്റ്റംബർ ഒന്നിന് 172 സന്ദർശകർ മാത്രമായിരുന്നു എത്തിയിരുന്നതെങ്കിൽ 16ന് 2756 സന്ദർശകർ എത്തി. കാരാപ്പുഴയില്‍ 12,149 പേരാണ് ഓണക്കാലത്തെ നാലു ദിവസങ്ങളിലായി എത്തിയത്. 3.26 ലക്ഷം രൂപ ടിക്കറ്റ് വരുമാനമായും ലഭിച്ചു. ഉരുൾപൊട്ടലിന് ശേഷം അടച്ചിട്ടിരുന്ന ഹോം സ്റ്റേകളും റിസോർട്ടുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം വീണ്ടും തുറന്നു. റിസോർട്ട്, ഹോം സ്റ്റേ നടത്തിപ്പുകാർ, ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ തുടങ്ങി പതിനായിരത്തിലധികം പേരാണ് വയനാട് ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നത്. ടൂറിസം മേഖല ഉണർന്നു തുടങ്ങിയത് ഇവർക്കെല്ലാം വലിയ ആശ്വാസമാകും. വയനാട്ടിലെ വിനോദസഞ്ചാര മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി ‘വയനാട് ഉത്സവ്’ എന്ന പേരിൽ നടത്തുന്ന കാമ്പയിന് ബുധനാഴ്ച തുടക്കമായി. ഇതിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടത്തുന്ന വിവിധ പരിപാടികൾ 13 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.