വയനാട് ഉരുൾപൊട്ടൽ: അനന്തരാവകാശ സർട്ടിഫിക്കറ്റിന് നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉത്തരവ്

തിരുവനന്തപുരം: വയനാട് ജില്ലയിൽ 2024 ജൂലൈ 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപിക്രമങ്ങൾ ലഘൂകരിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സെപ്തംബർ മൂന്നിന് ലാൻഡ് റവന്യൂ കമീഷണർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവിറക്കിയത്. ഈ വിഷയത്തിൽ നിശ്ചിത സമയ പരിധിക്കകം ആക്ഷേപങ്ങൾ ഒന്നും ഫയൽ ചെയ്യപ്പെട്ടില്ലെങ്കിൽ സമയ പരിധി പൂർത്തിയായി മൂന്ന് പ്രവർത്തി ദിവസത്തിനകം തഹസിൽദാർ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാണ് നിദേശം.

മരിച്ചവരുടെ അവകാശികളിൽ ഒരാളിൽ നിന്നും ലഭിക്കുന്ന അപേക്ഷയുടേയും മരണ സർട്ടിഫിക്കറ്റിന്റെയും ജനപ്രതിനിധി നൽകുന്ന കത്തിന്റെയും പ്രാദേശിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസർ അവകാശികളെ നിശ്ചയിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകണം. അവകാശി മൈനർ ആണെങ്കിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി മൈനറിനുവേണ്ടി ഏതെങ്കിലും ബന്ധുവിന് അപേക്ഷ സമർപ്പിക്കാം.

എന്നാൽ, അപ്രകാരം അപേക്ഷ ലഭിച്ചില്ലെങ്കിൽ വില്ലേജ് ഓഫിസർ തന്നെ മൈനറിനുവേണ്ടി സ്വമേധയ (സുവോ മോട്ടോ) നടപടി സ്വീകരിക്കണം. വില്ലേജ് ഓഫിസറും തഹസിൽദാരും ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് ഏറ്റവും മുന്തിയ മുൻഗണന നൽകി ആവശ്യമായി നടപടികൾ പൂർത്തീകരിക്കണം. ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് സർക്കാർ പ്രസിൽ ലഭിക്കുന്ന ആക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള തഹസിൽദാരുടെ അറിയിപ്പ് ഏറ്റവും അടുത്ത ഗസറ്റിൽ തന്നെ പ്രസിദ്ധീകരിക്കുവാൻ വേണ്ട നടപടികൾ അച്ചടി വകുപ്പ് ഡയറക്ടർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.  

Tags:    
News Summary - Wayanad Ullpottal: Order simplifying procedures for inheritance certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.