കൊച്ചി: ഏറെക്കാലത്തെ ചർച്ചക്കും പോരാട്ടത്തിനുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കിത് (വിമൻ ഇൻ സിനിമ കലക്ടിവ്) അഭിമാന നിമിഷം. കൂട്ടായ്മയുടെ നിരന്തര പ്രയത്നത്തിന്‍റെകൂടി ഫലമായാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും സ്ത്രീ-പുരുഷ വിവേചനങ്ങളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
ഡബ്ല്യു.സി.സിയുടെ തുടക്കകാലം മുതൽക്കേ സിനിമ മേഖലയിലെ അസമത്വങ്ങൾക്കെതിരെ കൂട്ടായ്മയിലെ അംഗങ്ങൾ ശബ്ദമുയർത്തിയിരുന്നു. ഇതിന്‍റെ പേരിൽ പല എതിർപ്പുകളും പരിഹാസങ്ങളും നേരിടേണ്ടിയും വന്നു. 2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയുണ്ടായ ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും അടിസ്ഥാനത്തിലാണ് അതേവർഷം ജൂലൈ ഒന്നിന് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി സർക്കാർ ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.
രണ്ടുവർഷത്തെ പഠനത്തിനുശേഷം 2019 ഡിസംബർ 31നാണ് റിപ്പോർട്ട് പൂർത്തിയാക്കി കമ്മിറ്റി അധ്യക്ഷയും ഹൈകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് ഹേമ ഫയൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. അന്നുമുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യു.സി.സി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
റിപ്പോർട്ട് സമർപ്പിച്ച് രണ്ടു വർഷം പിന്നിട്ടവേളയിൽ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കൂട്ടായ്മയിലെ സ്ഥാപകരിലൊരാളായ നടി പാർവതി തിരുവോത്ത് രംഗത്തെത്തിയത്. താനുൾപ്പെടെയുള്ളവരുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞപ്പോൾ ജസ്റ്റിസ് ഹേമയും കമ്മിറ്റിയിലെ മറ്റംഗങ്ങളും കണ്ണീർ വാർക്കുകയും സഹതപിക്കുകയും ചെയ്തത് അവഗണിക്കാനായിരുന്നോ എന്നായിരുന്നു അന്ന് പാർവതി ചോദ്യമുയർത്തിയത്.
ഏറ്റവുമൊടുവിൽ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമീഷൻ ഉത്തരവിട്ടപ്പോഴും ഇക്കാര്യം സ്വാഗതം ചെയ്ത് കൂട്ടായ്മയെത്തി. ഇതിനിടെ നിർമാതാവ് സജി പാറയിൽ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോഴും ശക്തമായ പ്രതിഷേധം സംഘടനയുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.