കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രവര്‍ത്തനങ്ങളോ എഴുത്തുകളോ ഒന്നും ആരില്‍നിന്നും ഉണ്ടാകരുതെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരേ ജാഗ്രതവേണമെന്നും സമസ്ത ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മതേതര വിശ്വാസികള്‍ക്കു അതീവ വേദനയും ദുഖവുമുണ്ട്. എന്നാല്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തു തോല്‍പ്പിക്കണം. വിഷയത്തെ വിവേകത്തോടെയും സംയമനത്തോടെയുമാണ് സമീപിക്കേണ്ടത്. നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടാകണം പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും. ജനാധിപത്യ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്നും തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് ഐക്യവും സൗഹാര്‍ദവും മതമൈത്രിയും തുടരാനുള്ള സാഹചര്യമാണ് വേണ്ടത്. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഭരണരംഗങ്ങളില്‍ ഉത്തരവാദിത്വം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും മതസൗഹാര്‍ദത്തിനായി ശ്രമിക്കുകയും വേണമെന്നും തങ്ങള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.