കോട്ടയം: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഹോസ്റ്റലിൽ ആത്മഹത്യചെയ്ത ബിരുദ വിദ്യാർഥിനിയുടെ പിതാവ്. മകൾ മരിച്ചതിന്‍റെ കാരണമറിയണം. അതിനു നിയമനടപടിയുമായി മുന്നോട്ട് പോകും. ‘‘ഞങ്ങളുടെ കുട്ടി ഉച്ചവരെ ഹാപ്പിയായിരുന്നു. അതിന്‍റെ മെസേജുകളൊക്കെ അയച്ചിട്ടുണ്ട്. ആ ഒരു മണിക്കൂറിനുശേഷം കൊച്ചിന് മരിക്കണമെന്ന് കൂട്ടുകാരോട് പറയണമെന്നുണ്ടെങ്കിൽ ആ കാബിനിൽ നിന്നിറങ്ങിയപ്പോൾ ഒരു സംഭവം അവിടെ ഉണ്ടായിട്ടുണ്ട്. അതെന്താണെന്ന് ഞങ്ങൾക്കറിയണം. അതിനെതിരെ കടുത്ത നടപടി എടുക്കണം. ശക്തമായി തന്നെ മുന്നോട്ട് പോകും. അതിനുള്ള മറുപടി അവർ തന്നേ മതിയാകൂ’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം തൃപ്തികരമല്ലെന്ന് തോന്നിയാൽ അടുത്ത നടപടി സ്വീകരിക്കുമെന്നും കോടതിയെ ഉൾപ്പെടെ സമീപിക്കുമെന്നും സതീശൻ പറഞ്ഞു. കോളജിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചില്ല. അത് പരിശോധിച്ചിരുന്നെങ്കിൽ അവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുമായിരുന്നു. എന്നാൽ, വീട്ടിൽ ആരൊക്കെ വന്നെന്ന് സി.സി ടി.വി ദൃശ്യങ്ങളിലൂടെ അവർ പരിശോധിച്ചു. ഇതുവരെ നടന്ന അന്വേഷണം മാനേജ്മെന്റിന് അനുകൂലമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പള്ളി പൊലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥിനിയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. ജൂൺ ഒന്നിനു രാവിലെ കോളജിലേക്കുപോയ വിദ്യാർഥിനി അന്ന് രാത്രിയും പിറ്റേന്ന് രാവിലെയും വീട്ടിലേക്ക് വിളിച്ചിരുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. ഉച്ചക്ക് വകുപ്പ് മേധാവിയുടെ മുറിയിൽ കയറുന്നതുവരെ വിദ്യാർഥിനി സന്തോഷവതി ആയിരുന്നുവെന്നു കൂട്ടുകാരികൾ പറഞ്ഞതായും അദ്ദേഹം മൊഴി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.