സ്വതന്ത്ര ഫലസ്തീനാണ് നീതി; അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: സ്വതന്ത്ര ഫലസ്തീനാണ് നീതിയെന്നും ഇസ്രായേലിനെതിരായ ഫലസ്തീൻ ജനതയുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യപ്പെടുന്നതായും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. യുദ്ധം ഇരുഭാഗത്തും ധാരാളം നാശനഷ്ടങ്ങളുണ്ടാക്കുന്നുണ്ട് എന്നിരിക്കെ ഫലസ്തീൻ ജനതയുടെ പോരാട്ടങ്ങളെയും പ്രതിരോധങ്ങളെയും മാത്രം ക്രിമിനലൈസ് ചെയ്യുകയും ഇസ്രായേൽ ചരിത്രപരമായി തന്നെ ഫലസ്തീനിനും അവിടുത്തെ ജനതയുടെ ജീവനും ജീവിതത്തിനും മേൽ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കും അധിനിവേശത്തിനും ഒപ്പം നിലയുറപ്പിക്കുകയും ചെയ്യുക എന്നത് അങ്ങേയറ്റം നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുൾപ്പെടെ ലോക രാഷ്ട്രങ്ങൾ തങ്ങളുടെ നിലപാട് തിരുത്തുകയും ഫലസ്തീൻ ജനതയ്ക്ക് ഒപ്പം നിലയുറപ്പിക്കുകയും അവരുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ പൂർവ്വ കാലം മുതൽ തന്നെ ഇന്ത്യയുടെയും ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെയും നിലപാട് ഫലസ്തീന്റെ നീതിക്കൊപ്പവും ഇസ്രായേലിന്റെ അതിക്രൂരമായ അധിനിവേശത്തിനെതിരെയുമായിരുന്നു. എന്നാൽ ഇപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ ഭരണകൂടം ഇസ്രായേലിന്റെ അന്യായത്തിനും അതിക്രമത്തിനുമൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

സ്വന്തം രാജ്യം നിലനിർത്താനും വീണ്ടെടുക്കാനുമായി കാലങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതക്കു മേൽ അത്യാധുനിക ആയുധങ്ങളുമായി അതിക്രമം നടത്തുക എന്നത് ഇസ്രയേൽ കാലങ്ങളായി തുടർന്നു വരുന്നതാണ്. വംശവെറിയെ പ്രത്യയശാസ്ത്രമായും പ്രായോഗിക പ്രവർത്തന രീതിയായും അംഗീകരിച്ചവർക്ക് മാത്രമേ ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Welfare Party about Israel-Palestine Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.