തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിലും സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികയിലും ആശ്വാസ പ്രഖ്യാപനവുമായി മുഖ്യമന്ത്രി. നിലവിലെ അഞ്ചു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയായ 8000 രൂപയിൽ രണ്ട് ഗഡുവായ 3200 രൂപ ഈ സാമ്പത്തിക വർഷവും (2024-25) ശേഷിക്കുന്ന മൂന്ന് ഗഡുവായ 4800 രൂപ അടുത്ത സാമ്പത്തിക വർഷവും (2025-26) നൽകാനാണ് തീരുമാനം.
കുടിശ്ശിക തീർക്കുന്നതിനായി ഈ സാമ്പത്തിക വർഷം 1700 കോടിയാണ് ചെലവഴിക്കുക. 2500 കോടി അടുത്ത സാമ്പത്തിക വർഷവും. സർക്കാർ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡി.എ- ഡി.ആർ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. 2021 ജനുവരി ഒന്നു മുതല്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം വരെ ഏഴു ഗഡു ഡി.എ/ഡി.ആര് ആണ് കുടിശ്ശികയായത്. ശമ്പള പരിഷ്കരണ കുടിശ്ശികയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ഇതു സംബന്ധിച്ച് വിശദമായ സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.
പെന്‍ഷന്‍ പരിഷ്കരണത്തിന്റെ ഭാഗമായുള്ള 600 കോടിയുടെ കുടിശ്ശികയും ഈ വർഷംതന്നെ വിതരണം ചെയ്യും. കരാറുകാർക്ക് നൽകാനുള്ള 2500 കോടി രൂപയുടെ കുടിശ്ശിക 2025 മാർച്ച് 30 നുള്ളിൽ വിതരണം ചെയ്യും. കേന്ദ്രത്തിന്റെ പ്രതികൂല സമീപനം മൂലം കേരളം നേരിട്ട അസാധാരണമായ പണഞെരുക്കമാണ് ക്ഷേമപെൻഷനിലും ക്ഷാമബത്ത, ഡിയര്‍നെസ് റിലീഫ് എന്നിവയുടെ വിതരണത്തിലും കുടിശ്ശിക വരാന്‍ ഇടയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തുക വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നടത്തിയ പ്രത്യേക പ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം സൂചിപ്പിച്ചത്. നിലവിൽ 62 ലക്ഷം പേര്‍ക്കാണ് സാമൂഹിക സുരക്ഷ പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി 1600 രൂപയായി ഉയർത്തി. ഇത് ഇനിയും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സാമൂഹികസുരക്ഷ പെന്‍ഷന്‍ ലഭിച്ചിരുന്നവരുടെ ആകെ എണ്ണം 34,43,414 ആയിരുന്നു. ഇവര്‍ക്ക് 600 രൂപ വീതമാണ് നല്‍കിയിരുന്നത്. 2011-16ലെ യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ആകെ 8833.6 കോടി രൂപയാണ് നല്‍കിയതെങ്കില്‍ 2016-21ലെ എല്‍.ഡി.എഫ് സര്‍ക്കാർ 30,567.9 കോടി രൂപ സാമൂഹികസുരക്ഷ പെൻഷൻ നൽകാൻ ചെലവഴിച്ചു. ഈ സര്‍ക്കാറിന്‍റെ കാലത്ത് ഇതുവരെ 23,461.5 കോടി രൂപ വിതരണം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.