കോഴിക്കോട്: തീരമേഖലയിൽ തിമിംഗല വേട്ടക്കാർ സജീവം. മീൻപിടിത്തത്തിെൻറ മറവിൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് അനധികൃത വള്ളങ്ങളിൽ എത്തിയാണ് കേരള തീരത്ത് തിമിംഗല മാഫിയയുടെ പ്രവർത്തനം. മത്സ്യത്തൊഴിലാളികളുടെ ജാഗ്രതയിൽ പിടിക്കപ്പെട്ടാൽ ഉന്നതരുടെ ഇടപെടലിലൂടെ പിഴയടച്ച് ഇവർ പുറത്തിറങ്ങി വള്ളങ്ങളുമായി തിരിച്ചുപോവുകുയും ചെയ്യും.
കഴിഞ്ഞദിവസം രണ്ട് വള്ളങ്ങളിലായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറുപേരെ ബേപ്പൂർ കോസ്റ്റൽ പൊലീസ് പിടികൂടിയിരുന്നു. പുറംകടലിൽ കണവ, ഒക്ടോപസ്, മുരു, അയക്കൂറ തുടങ്ങിയ മത്സ്യങ്ങളെ പിടികൂടുകയാണ് ലക്ഷ്യമെന്ന രീതിയിൽ കേസ് ഒതുക്കുകയാണ് പൊലീസും ഫിഷറീസ് വകുപ്പുമെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. തിമിംഗലവും ഡോൾഫിനുമെല്ലാം ഇവരുടെ ക്രൂരതക്ക് ഇരയാകുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
മണൽനിറച്ച പ്ലാസ്റ്റിക് ചാക്കുകൾ, നിരവധി പ്ലാസ്റ്റിക് കുപ്പികൾ എന്നിവ ഇവരിൽനിന്ന് പിടികൂടിയിരുന്നു. കടലിൽ നിക്ഷേപിക്കുന്ന ഇത്തരം സാധനങ്ങൾ ഭക്ഷിക്കുന്ന തിമിംഗലം അടക്കമുള്ളവ ചത്തുപൊങ്ങും. വിപണിയിൽ കോടികൾ വിലവരുന്ന തിമിംഗല വിസർജ്യവും നെയ്യും ആന്തരികാവയവങ്ങളുമാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്.
കേരള ഫിഷിങ് മറൈൻ റെഗുലേഷൻ ആക്ട് പ്രകാരമാണ് കോസ്റ്റൽ പൊലീസ് ഇത്തരം സംഭവങ്ങളിൽ കേസെടുക്കുന്നത്. ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർക്ക് പിഴ ഈടാക്കി വിട്ടയക്കാവുന്ന വകുപ്പ് മാത്രമാണിത്. തിമിംഗലം, ഡോൾഫിൽ പോലുള്ളവ വൈൽഡ് ആനിമൽ ആക്ടിൽ വരുന്നതാണെന്നാണ് ഫിഷറീസ് വകുപ്പിെൻറ വാദം.
ഈ വകുപ്പിൽ കേസെടുക്കാൻ വനം വകുപ്പിനാണ് അധികാരം. വനം വകുപ്പിനാകട്ടെ, കടലിൽ പോകാനുമാകില്ല. വകുപ്പുകൾ പരസ്പരം തട്ടിക്കളിക്കുേമ്പാൾ നശിക്കുന്നത് കടലിെൻറ ആവാസവ്യവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.