‘മനുഷ്യനല്ലേ, വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ. ആ കസേരയിൽ ഞാൻ തൊടാൻ പാടില്ലായിരുന്നു’ -തെറ്റ് ഏറ്റുപറഞ്ഞ് കെ.ടി. ജലീൽ

മലപ്പുറം: ‘ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’ -നിയമസഭ ​ൈകയാങ്കളിയിൽ സ്പീക്കറുടെ കസേര മറിച്ചിട്ടതിൽ തെറ്റുപറ്റി​യെന്ന് സമ്മതിച്ച് മുൻമന്ത്രിയും സി.പി.എം സഹയാത്രികനുമായ കെ.ടി. ജലീൽ. അധ്യാപക ദിനത്തിൽ ‘ഗുരുവര്യൻമാരെ, അനുഗ്രഹിച്ചാലും’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് വന്ന കമന്റിന് മറുപടിയായാണ് ജലീൽ ഇക്കാര്യം പറഞ്ഞത്.

‘ഗുരുവര്യൻമാർ നമ്മുടെ വഴികാട്ടികളാണ്. ഒരു ദുരനുഭവവും എനിക്കെന്റെ അധ്യാപകരിൽ നിന്ന് ഉണ്ടായിട്ടില്ല. എപ്പോഴും അവർ നോക്കിയത് എൻ്റെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടുതന്നെ അവരെനിക്ക് പറഞ്ഞുതന്നതും ചൊല്ലിത്തന്നതും ഹൃദയഭിത്തിയിൽ ഞാൻ കൊത്തിവെച്ചു. അധ്യാപകരുടെ ഇഷ്ടവിദ്യാർത്ഥികളുടെ പട്ടികയിൽ ഇടം നേടാൻ കിട്ടിയ അവസരം മഹാഭാഗ്യമായാണ് അന്നും ഇന്നും കരുതുന്നത്.

അധ്യാപകവൃത്തിയെ ഞാൻ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രിയപ്പെട്ട ഗുരുനാഥൻമാരിലൂടെയാണ്. ചെറുപ്പത്തിൽ വികൃതികൾ കാണിച്ചതിന്റെ പേരിൽ അടി കിട്ടിയിട്ടുണ്ട്. ഹോംവർക്ക് തെറ്റിച്ചതിന്റെ പേരിൽ അധ്യാപകർ വഴക്ക് പറഞ്ഞിട്ടുണ്ട്. പക്ഷെ ആ ശിക്ഷകളിലെല്ലാം സ്നേഹത്തി​ന്റെ ഒരു തലോടൽ ഉണ്ടായിരുന്നു. പ്രാർഥനയുടെ സംഗീതം തുടിച്ചു നിന്നിരുന്നു. സാരോപദേശത്തിന്റെ മർമ്മരം അലയടിച്ചിരുന്നു. എന്നെ ഞാനാക്കിയ എന്റെ പ്രിയപ്പെട്ട അധ്യാപകർക്ക് ഹൃദയം നിറഞ്ഞ പ്രാർഥനകൾ, അശംസകൾ’ എന്നായിരുന്നു ജലീലിന്റെ പോസ്റ്റ്.


ഇതിന് കീഴിലാണ് ഫസൽ ഷുക്കൂർ എന്നയാൾ നിയമസഭയിലെ കൈയാങ്കളിയെ കുറിച്ച് ചോദ്യമുന്നയിച്ചത്. ‘അസംബ്ലിയിൽ ഇ.പി. ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയർ വലിച്ചിട്ടത് ശരിയായില്ല. താങ്കൾ അസംബ്ലിയിൽ പോയിരുന്നില്ലെങ്കിൽ പി.എസ്.എം.ഒ കോളജിൽ പ്രിൻസിപ്പൽ ആകേണ്ട ആളായിരുന്നു. കോളജിൽ എന്തെങ്കിലും ഇഷ്യുസ് ഉണ്ടായാലും താങ്കൾ വരുമ്പോൾ വിദ്യാഥികൾ താങ്കളുടെ ചെയർ വലിച്ചെറിഞ്ഞാൽ എന്തായിരിക്കും താങ്കളുടെ നിലപാട്?’ എന്നായിരുന്നു ചോദ്യം. ‘ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ. വികാരത്തള്ളിച്ചയിൽ സംഭവിച്ച ഒരു കൈപ്പിഴ’ എന്നാണ് ഇതിന് ജലീലിന്റെ മറുപടി.

Tags:    
News Summary - What I done was wrong: KT jaleel admits his mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.