തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. പരാതിയെത്തുടർന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പുവിവരം പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. പതിറ്റാണ്ടുകളായി സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയെ പരാതിക്ക് പിന്നാലെ പിരിച്ചുവിട്ടു. സി.പി.എം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിയാക്കി ആദ്യം പൊലീസ് കേസെടുത്തു.
300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യനിഗമനം. വിശദ പരിശോധനക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. 219 കോടിയുടെ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തി. 2011-12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയത്. സി.പി.എം മുൻ പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി. സുരേഷാണ് പരാതി നൽകിയത്. പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ല. സഹകരണ വകുപ്പിനും പിന്നാലെ വിജിലൻസ്, ഇ.ഡി, സി.ബി.ഐ എന്നിവർക്കും പരാതി നൽകി.
ക്രമക്കേട് വൻ തുകയായതോടെ പൊലീസ് ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ നിയോഗിച്ചു. ഇതിൽ ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മുൻ ഭരണസമിതി അംഗങ്ങളെയും പ്രതി ചേർത്തു. ഇതോടെ പ്രതിപ്പട്ടികയിൽ 18 പേരായി. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കൾ നേരേത്ത കണ്ടുകെട്ടി. പിന്നാലെ സഹകരണ വകുപ്പ് 125.84 കോടി ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നെങ്കിലും പ്രതികളുടെ ഹരജിയിൽ കോടതി സ്റ്റേ ചെയ്തു.
ബാങ്ക് ജപ്തി നോട്ടീസിനെത്തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നിക്ഷേപത്തുക കിട്ടാത്തതിനെത്തുടർന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ വയോധിക മരിച്ചു. ഒടുവിലായി ബാങ്കിൽ 150 കോടിയുടെ ക്രമക്കേട് നടന്നെന്നും മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീനാണ് വ്യാജലോണുകൾക്ക് പിന്നിലെന്നും ഇ.ഡി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.