പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ രക്ഷാദൗത്യത്തിൽ അഗ്നിരക്ഷ സേനക്ക് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെ തുടർന്ന് പാലക്കാട് ജില്ല അഗ്നിരക്ഷ ഓഫിസർ വി.കെ. ഋതീജിന്, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ കാരണംകാണിക്കൽ നോട്ടീസ് നൽകി. രണ്ട് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
വെള്ളവും ഭക്ഷണവും കിട്ടാതെ, മലമ്പുഴ ചെറാട് സ്വദേശി ബാബു മലയിടുക്കിൽ കുടുങ്ങിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ അടിയന്തര നടപടി എടുക്കുകയോ ചെയ്തില്ലെന്ന് നോട്ടീസിൽ പറയുന്നു. മാധ്യമങ്ങളിലൂടെയാണ് പ്രശ്നത്തിന്റെ ഗൗരവം മേലധികാരികൾ അറിയുന്നത്.
ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനോ സാങ്കേതിക സഹായം നൽകാനോ ജില്ല ഫയർ ഓഫിസറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. ഏകോപനത്തിന്‍റെ അഭാവമാണ് രക്ഷപ്രവർത്തനത്തിന് തടസ്സമായതെന്നും അധികൃതർ പറയുന്നു.
ഇതിനിടെ, രക്ഷപ്രവർത്തനത്തിലെ വീഴ്ച സംബന്ധിച്ച് അഗ്നിരക്ഷസേന ഉദ്യോഗസ്ഥരുടെ വാട്സ്ആപ് സന്ദേശവും പുറത്തുവന്നു. രക്ഷപ്രവർത്തനത്തിൽ ഫയർഫോഴ്സിന് അടിമുടി പോരായ്മ ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് സന്ദേശം.
വിദഗ്ധ പരിശീലനം നേടിയ ഇടുക്കിയിൽനിന്നുള്ള പത്തംഗ സംഘം രാത്രി ചെറാട്ടെത്തിയെങ്കിലും മല കയറാൻ പൊലീസിന്റെ അനുവാദം തേടേണ്ട അവസ്ഥ വരെയുണ്ടായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ വാഹനം പൊലീസ് തടഞ്ഞിടുന്ന അവസ്ഥപോലും ഉണ്ടായി.
കലക്ടറുടെ അനുമതിയോടെയാണ് മല കയറിയത്. മലയിൽ ആർമി, എൻ.ഡി.ആർ.എഫ്, പൊലീസ്, ഫോറസ്റ്റ് എന്നിവർക്കൊപ്പം ഒരു ഫയർ ഓഫിസർ പോലും ഉണ്ടായിരുന്നില്ലെന്നും വാട്സ്ആപ് സന്ദേശത്തില്‍ പറയുന്നു. ബാബുവിന്‍റെ 50 മീറ്റർ അടുത്തുവരെ അഗ്നിരക്ഷ സംഘം എത്തിയിരുന്നു. വ്യക്തമായ ഏകോപനമുണ്ടായിരുന്നെങ്കിൽ സേനക്ക് രക്ഷപ്രവർത്തനം നടത്താമായിരുന്നു.
പാലക്കാട് ഫയർ ഓഫിസർ വീട്ടിൽ പോയിട്ടുണ്ടാകുമെന്നും വാട്സ്ആപ് സന്ദേശത്തിൽ പരിഹാസമുണ്ട്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷപ്രവര്‍ത്തനം ബുധനാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്. രക്ഷപ്രവർത്തനത്തിന് സംസ്ഥാന സർക്കാറിന് 75 ലക്ഷത്തോളം രൂപ ചെലവ് വന്നെന്നാണ് ജില്ല ഭരണകൂടം കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.