കൊച്ചി: ആദിവാസി വിദ്യാർഥികൾ ഓൺലൈൻ പഠനം ലഭിക്കാതെ നെട്ടോട്ടമോടുമ്പോൾ പട്ടികവർഗ വകുപ്പിെൻറ കൈവശം 326 ലാപ്ടോപ്പുണ്ടെന്ന് എ.ജി റിപ്പോർട്ട്. മെഡിസിൻ, എൻജിനീയറിങ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് 'ലാപ്ടോപ് വിതരണം' ചെയ്യാനുള്ള പദ്ധതിക്കായി വാങ്ങിയ 326 എണ്ണം വിതരണം ചെയ്തിട്ടില്ല.
2011-12 ലാണ് ഈ പദ്ധതി ആരംഭിച്ചത്. തുടർന്ന്, ആദിവാസി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിനായി മറ്റ് 32 കോഴ്സുകൾ പട്ടികയിൽ ഉൾപ്പെടുത്തി 2018 ജൂലൈ ഒമ്പതിന് ഉത്തരവിറക്കി.
2011-12 മുതൽ സ്കീമിന് കീഴിലുള്ള ലാപ്ടോപ്പുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കണക്കുകൾ പരിശോധിച്ചപ്പോഴാണ് വാങ്ങിയ 1998 ലാപ്ടോപ്പുകളിൽ 326 എണ്ണം വിതരണം ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയത്.
ആവശ്യമുള്ളതിനെക്കാൾ അധികം വാങ്ങുകയായിരുന്നു. 121 എണ്ണം വിതരണം ചെയ്യാതെ കൈവശം ഇരിക്കുമ്പോഴാണ് 2019 മാർച്ച് 21ന് വീണ്ടും 70 ലാപ്ടോപ്കൂടി വാങ്ങിയത്. നഷ്ടം ഒഴിവാക്കുന്നതിനാണ് അധിക വാങ്ങൽ നടത്തിയതെന്നാണ് ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.
ജില്ല ഓഫിസുകൾ വഴിയാണ് ഇവ വിതരണം ചെയ്തത്. എന്നാൽ, സുൽത്താൻ ബത്തേരി, കൽപറ്റ, പുനലൂർ ട്രൈബൽ ഓഫിസുകളിൽനിന്ന് മാത്രമാണ് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും രസീതും ഡയറക്ടറേറ്റിൽ സമർപ്പിച്ചത്. മറ്റ് ട്രൈബൽ ഓഫിസുകളിൽ വിതരണം ചെയ്തതു സംബന്ധിച്ച് ഗുണഭോക്താക്കളുടെ പട്ടികയും രസീതും ഹാജരാക്കിയിട്ടില്ല. അതിനാൽ ലാപ്ടോപ്പുകളുടെ രസീത് അടക്കമുള്ള രേഖകൾ ഡയറക്ടറേറ്റിലെ ഫയലിൽ സൂക്ഷിച്ചിട്ടില്ല. അർഹരായ വിദ്യാർഥികൾക്കാണോ വിതരണം ചെയ്തതെന്ന് അന്വേഷിക്കാനുള്ള വഴിയാണ് ഇതോടെ അടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.