മേപ്പാടിയുടെ ദുരന്ത പ്രതികരണ ആസൂത്രണ രേഖ എവിടെ?

തിരുവനന്തപുരം: മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ സവിശേഷ പ്രകൃതി മനസിലാക്കി തയാറാക്കിയ ദുരന്ത പ്രതികരണ ആസൂത്രണ രേഖ ഇപ്പോഴും ചുവപ്പ് നാടയിലാണോ? ദുരന്തനിവാരണ അതോറിറ്റി രേഖപ്രകാരം മേപ്പാടിയിൽ എന്തെല്ലാം മുൻ ഒരുക്കൾ നടത്തി? 2018 ലും 2019 ലും ജൂലൈ -ആഗസ്റ്റ് മാസത്തിലാണ് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായത്. 2018 ലെ മഹാ പ്രളയത്തെയും 2019ലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ആസൂത്രണ രേഖ തയാറാക്കിയത്.

ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന ദുരന്ത സാധ്യതാ വാർഡുകൾ വെള്ളിത്തോട്, തൃക്കൈപ്പറ്റ, കോട്ടത്തറ വയൽ, മുണ്ടക്കൈ, അട്ടമല, പുത്തുമല, നെല്ലിമുണ്ട, ചെമ്പ്ര, കുന്നമ്പറ്റ, പുത്തൂർ വയൽ എന്നിവ അടയാളപ്പെടുത്തി നൽകിയിരുന്നു. അന്നത്തെ കണക്ക് പ്രകാരം ഇവിടെ 932 വീടുകളാണ് ഉണ്ടായിരുന്നത്.

2019ൽ ഉരുൾപൊട്ടി വൻ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ നെതർലാൻറിൽ നിന്നെത്തിയ വിദഗ്‌ധ സംഘം സന്ദർശിച്ചിരുന്നു. ആറ് വിദേശികളടക്കം 14 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വാട്ടർ മാനേജ്‌മെൻറ്, പ്രളയ സാക്ഷരത, ഉരുൾപ്പൊട്ടൽ കാരണങ്ങൾ, പ്രളയാനന്തര പ്രവർത്തനങ്ങൾ, പ്രളയ കെടുതികൾ ലഘൂകരിക്കൽ, സ്ത്രീ ശാക്തീകരണം നിർമാണ പ്രവർത്തനങ്ങൾ എന്നിവയിൽ പഠനം തുടരുന്ന സംഘം തയാറാക്കിയ റിപ്പോർട്ടും അധികാരികൾക്ക് കൈമാറി. പുത്തുമലയുടെ സ്വാഭാവിക പരിസ്ഥിതിയിൽ മനുഷ്യരുടെ ഇടപെടലുകൾ ഉണ്ടായിരുന്നത് മൂലം ജൈവ സമ്പത്തിനുണ്ടായ ശോഷണമായിരിക്കാം ഉരുൾപ്പൊട്ടലിന് കാരണമായതെന്ന് കരുതുന്നതായി സ്ഥലം സന്ദർശിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെട്ടിരുന്നു. ഇതൊന്നും പിന്നീട് പരിഗണിച്ചില്ല.

ദുരന്ത പ്രതികരണ ആസൂത്രണ രേഖയിൽ ഗ്രാമപഞ്ചയാത്തിലെ പ്രകൃതി ദുരന്തങ്ങൾക്ക് സ്ഥിരമായി വിധേയമാകുന്ന ചിലപ്രദേശങ്ങൾ അടയാളപ്പെടുത്തിയിരുന്നു. ഈ പ്രദേശങ്ങളിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, വായനശാലകൾ, ഗ്രന്ഥശാലകൾ, സംഭരണശാലകൾ, സൂക്ഷിപ്പുകേന്ദ്രകൾ, കോഴി-താറാവ് വളർത്തുമൃഗങ്ങൾക്കുള്ള ഫാമുകൾ തുടങ്ങി മനുഷ്യരുമായും, മറ്റു ജീവജാലങ്ങളുമായും ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ആ പ്രദേശത്തെ വീടുകൾ പൊതുകെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു.

രേഖപ്രാകരം ദുരന്ത സാഹചര്യമുണ്ടായാൽ മുഴുവൻ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കേണ്ട ചുമതല മേപ്പാടി ഗ്രാമപഞ്ചയാത്തിൽ സ്റ്റിയറിങ് കമ്മിറ്റിക്കായിരുന്നു. പഞ്ചായത്ത് തലത്തിൽ ഒരു റെസ് പോൺസ് പ്ലാൻ ടീമം ഉണ്ടാക്കേണ്ട ചുമതലയും സ്റ്റിയറിങ് കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. റെസ് പോൺസ് പ്ലാൻ ടീം തയാറാക്കുന്നതിനായി പഞ്ചായത്ത് പ്രതിനിധികളും സമൂഹത്തിലെ വിവിധ പ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും നിർവഹണ ഉദ്യോഗസ്ഥരും പഞ്ചായത്തിനെ കുറിച്ച് കൃത്യമായി ധാരണയുള്ള വ്യക്തികളും പരിസരവാസികളും അടങ്ങുന്ന ഒരു ടീമിനെ സജ്ജമാക്കണമെന്നായിരുന്നു നിർദേശം.

ദുരന്ത സാഹചര്യമനുസരിച്ച് റെസ്പോൺസ് ടീമിൽ തന്നെ മുന്നറിയിപ്പ് ടീം, ഷെൽറ്റർ മാനേജ്‌മെൻറ് ടീം, പ്രാഥമിക ശുശ്രൂഷ, ബേസിക് ലൈഫ് സപ്പോർട്ട് ടീം എന്നിവരെയും ഉൾപ്പെടുത്തുന്നതാണ്. ഗ്രാമപഞ്ചായത്തിലെ യുവാക്കളേയും സന്നദ്ധ പ്രവർത്തകരേയും ഉൾപ്പെടുത്തിയുള്ള രക്ഷാസേനയുടെ പട്ടികയും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട സ്ഥാപനങ്ങളുടെയും ചുമതലക്കാരുടെയും പട്ടികയും തയാറാക്കണം.

ദുരന്ത സാധ്യതകൾ ഉണ്ടാകുന്ന പക്ഷം പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട എമർജൻസി റെസ്പോൺസ് ടീമിൻ്റെ സഹായത്തോടെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും. ദുരന്ത സാധ്യതയുള്ള വാർഡുകൾ, സുരക്ഷിതമായ പാതകൾ, പ്രദേശത്തു തന്നെയുള്ള സുരക്ഷിതമായ പുനരധിവാസ കേന്ദ്രങ്ങൾ, ഒഴിപ്പിക്കൽ ആവശ്യമായ പൊതു സ്ഥലങ്ങൾ, മൃഗങ്ങൾയുള്ള സുരക്ഷിത കേന്ദ്രങ്ങൾ മുതലായവ സജ്ജമാക്കണം.

ഗ്രാമപഞ്ചായത്ത് സ്റ്റിയറിഗ് കമ്മിറ്റി അംഗങ്ങൾക്കായിരുന്നു ദുരന്തബാധിത പ്രദേശത്തെ മുഴുവൻ പ്രവർത്തനങ്ങലൂടെയും നിയന്ത്രണം. ഏറ്റവും വേഗത്തിൽ കാര്യങ്ങൽ നടപ്പിലാക്കാനും എല്ലാ പ്രവർത്തനങ്ങളേയും മറ്റ് സ്റ്റാൻറിങ് കമ്മിറ്റികളുടെ പ്രവത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ടുപോകുവാനും കഴിവുള്ള ഒരു ടീം ആണ് സ്റ്റിയറിങ് കമ്മിറ്റി. സർക്കാർ മുന്നറിയപ്പ് നൽകുന്നത് പ്രകാരം ഈ പ്രദേശത്ത് പ്രവർത്തനം നടത്തണം. ഇതെല്ലാം കടലാസിൽ ഒതുങ്ങിയെന്നാണ് ദുരന്തം വ്യക്തമാക്കുന്നത്. 

Tags:    
News Summary - Where is Meppadi's disaster response planning document?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.