മലപ്പുറം നഗരസഭ 30 ലക്ഷം ചെലവഴിച്ച മിനി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എവിടെ?

കോഴിക്കോട്: മലപ്പുറം നഗരസഭയുടെ 30 ലക്ഷം ചെലവഴിച്ച മിനി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഇതുവരെ പ്രവർത്തനക്ഷമം അല്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. മലപ്പുറം നഗരസഭ 18ാം വാർഡിൽ ബസ്റ്റാൻഡ് പരിസരത്താണ് മിനി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി 30 ലക്ഷം രൂപ വകയിരുത്തി.

പദ്ധതി തയാറാക്കി ടെണ്ടർ നടപടികൾ പ്രകാരം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരായ ഫ്ലോമാക്സ് വാട്ടർ എന്ന സ്ഥാപനത്തിന് കരാർ നൽകി. 2019മാർച്ച് 20ന് പ്രവർത്തി പൂർത്തികരിക്കുന്ന വിധത്തിൽ നിർമ്മാണ പ്രവർത്തിക്ക് അനുമതി നൽകി.

2019 മാർച്ച് 15ന് പൂർത്തികരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് 28.50 ലക്ഷം രൂപ ഫ്ലോമാക്സ‌് വാട്ടർ എന്ന സ്ഥാപനത്തിന് നൽകി. ഇതോടൊപ്പം മിനി വാട്ടർ ട്രീറ്റ്‌ മെന്റ് പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട് 1,46,333- കൂടി നഗരസഭ ചിലവഴിച്ചുവെന്നാണ് കണക്കുകൾ.

നഗരസഭ ഉദ്യോഗസ്ഥരുമായി ഓഡിറ്റ് ടീം സ്ഥല പരിശോധന നടത്തിയപ്പോൾ നഗരസഭ ബസ്റ്റാൻഡിൽ സ്ഥാപിച്ച മിനി വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് ഇതുവരെ പ്രവർത്തന ക്ഷമമായിട്ടില്ല.

രാർ പ്രകാരം മിനി വാട്ടർ ട്രീറ്റ്‌മെൻ്റ് പ്ലാൻ്റ് പ്രവർത്തന ക്ഷമമാക്കി കൈമാറേണ്ടത് ഫ്ലോമാക്സ് വാട്ടർ എന്ന സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തമാണെങ്കിലും സ്ഥാപനത്തിനെതിരായി യാതൊരുവിധ നിയമ നടപടികളും നഗരസഭ കൈകൊണ്ടില്ല. അശാസ്ത്രീയമായ പ്ലാന്റ് നിർമാണമാണ് നഗരസഭക്ക് നഷ്ടമുണ്ടാക്കാൻ കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ ജൻ വികാസ് കാര്യക്രം പദ്ധതിക്കു കീഴിൽ മലപ്പുറം നഗരസഭയുടെ 18ാം വാർഡിൽ കോമൺ സർവീസ് സെൻറർ-ഹാജിയാർ പള്ളി സദ്‌ഭാവ് മണ്ടപ് എന്ന പേരിൽ നിർമാണത്തിനായി കേന്ദ്ര വിഹിതമായി 25. 20 ലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതമായി 19.30 ലക്ഷം രൂപയും അനുവദിച്ചു.

ടെണ്ടർ നടപടികൾ പ്രകാരം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ പി.പി അബ്ദുൾ സലാമിന് 2021വനംമ്പർ 10ന് കരാർ നൽകി. ആദ്യഘട്ട പ്രവർത്തി പൂർത്തീകരണത്തിൻ്റെ ഭാഗമായി 2023 മാർച്ച് 20ന് 20,95,755 രൂപ കരാറുകാരനായ പി.പി അബ്ദുൾ സലാമിന് നൽകി.

എന്നാൽ ഓഡിറ്റ് പാർട്ടിയും മലപ്പുറം നഗരസഭ എഞ്ചീനിയറിങ് വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിൽ സ്ട്രക്‌ചർ മാത്രം ഭാഗികമായി പൂർത്തികരിച്ച അവസ്ഥയിലാണ്. നിർമാണ പ്രവർത്തി തുടരാത്തതിനാൽ ഒരു വർഷമായി നിർമാണ സ്ഥലം കാട് വളർന്ന അവസ്ഥയിലാണ്.

എന്നാൽ, സദ്ഭാവ് മണ്ടപ് നിർമാണത്തിന്റെ 45 ശതമാനം പ്രവർത്തിയും 2022 ഒക്ടോബർ 10ന് പൂർത്തിയായി എന്നാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് കൊടുത്ത കത്തിൽ വ്യക്തമാക്കിയത്.

Tags:    
News Summary - Where is the mini water treatment plant on which Malappuram Municipality spent 30 lakhs?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.