'താൻ ആരാണ്? എവിടെനിന്ന് വരുന്നു?' -മോദിയെ കുറിച്ചുള്ള പുസ്തകത്തെ വിമർശിച്ച വിദ്യാർഥിയോട് പ്രഫസറുടെ ചോദ്യം

കാസർകോട്: 'താൻ എവിടെനിന്നാണ് വരുന്നത് എന്ന് എനിക്കറിയാം'-'മോദി@20' എന്ന പുസ്തകത്തിന്റെ ചർച്ചയിൽ പുസ്തകത്തിന്റ ഉള്ളടക്കത്തെ വിമർശിച്ച വിദ്യാർഥിയോട് മുഖ്യാതിഥി പഞ്ചാബി സർവകലശാലയിലെ പ്രൊഫ. ഡോ. ഡി.പി സിംഗിന്റെ മറുപടി അതായിരുന്നു. ആഗസ്റ്റ് അഞ്ചിനു കാസർകോട്ടെ കേന്ദ്ര സർവകലാശാലയിൽ 'ഇന്ത്യൻ അപ്രോച്ചസ് ടു ഹ്യൂമൻ റിസോഴ്സ് ആൻഡ് കമ്മ്യുണിറ്റ് ഡവലപ്മെന്റ് എന്ന പരിപടിക്കിടെയാണ് 'മോദി@20' എന്ന പുസ്തകത്തെ കുറിച്ച ചർച്ച അജണ്ടയിലില്ലാതെ തിരുകി കയറ്റിയത്.

'മോദിയെ വിമർശിക്കുന്നവരെ പേരെടുത്ത് പറഞ്ഞ് നാണം കെടുത്തണമെന്നും എല്ലാം രാഷ്ട്രീയമായി കാണുന്നവർ മനോരോഗികളാണെന്നും' ഡി.പി സിങ് പറഞ്ഞതോടെ വിദ്യാർഥികളിൽ രോഷം അണപൊട്ടി. പിന്നാലെ ചർച്ചക്ക് ക്ഷണിച്ചപ്പോൾ എം.എസ്.ഡബ്ല്യൂ രണ്ടാം വർഷ വിദ്യാർഥിയും ഡി.എസ്.എ നേതാവുമായ റിജാസ് എം. സിദ്ദിഖ് എഴുന്നേറ്റു നിന്നു. സംഗതി പന്തിയല്ലെന്ന് തോന്നിയതോടെ ചർച്ച വി.സി ഡോ. എച്ച്. വെങ്കിടേശ്വർലു വിലക്കി. ടീ ബ്രേക്ക് സമയത്ത് നേരിട്ട് ആവാം എന്ന് പറഞ്ഞതോടെ വിദ്യാർഥി ടീ ബ്രേക്ക് സമയത്ത് ഡി.പി. സിംഗിനടുത്ത് എത്തി. 'താങ്കൾ പേരെടുത്ത് നാണംകെടുത്തണം എന്ന് പറഞ്ഞ കൂട്ടത്തിൽ പെട്ടയാളാണ് താൻ' എന്ന ആമുഖത്തോടെ സംസാരം തുടങ്ങിയപ്പോൾ 'ഉത്തരം പറയാതിരിക്കാനുള്ള അവകാശവും തനിക്കുണ്ട്' എന്ന് ഡി.പി. സിംഗ് മറുപടി പറഞ്ഞു.

ഇതോടെ മോദിക്കെതിരെ ചോദ്യങ്ങളുമായി എത്തിയ വിദ്യാർഥികളുടെ എണ്ണം വർധിച്ചു. ഡി.പി. സിംഗിനെ വിദ്യാർഥികൾ ചോദ്യങ്ങളുമായി വളഞ്ഞു. അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. രണ്ടാമതും തന്റെ ചോദ്യങ്ങളുമായി റിജാസ് എത്തിയപ്പോഴാണ് 'താൻ ആരാണെന്നും എവിടെനിന്നും വരുന്നു'വെന്ന ചോദ്യവുമായി ഡി.പി. സിംഗ് നേരിട്ടത്. അങ്ങനെ പറഞ്ഞതിനു മാപ്പു പറയണമെന്ന് റിജാസ് പറഞ്ഞു. പിന്നാലെ മറ്റ് വദ്യാർഥികളുടെ പ്രതിഷേധവും കാമ്പസിൽ ഉണ്ടായി. അധ്യാപകർ ഇടപെട്ട് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

ന്യൂനപക്ഷ വേട്ട, കടം എഴുതി തള്ളൽ, ഗുജറാത്ത് കലാപം തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് പുസ്തകത്തെ വിദ്യാർഥികൾ വിമർശിച്ചത്. 'മോദി@20' എന്ന പുസ്തകം ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതൽ പ്രധാനമന്ത്രി പദം വരെയുള്ള 20 വർഷത്തെ മോദി ഭരണത്തെ കുറിച്ച പ്രമുഖരുടെ വിലയിരുത്തലാണ്. ബി.ജെ.പി ദേശീയതലത്തിൽ ആരംഭിച്ച കാമ്പയിൻ, പാർട്ടിക്ക് സ്വാധനീമുള്ള മറ്റുകാമ്പസുകളിൽ പ്രത്യേക പരിപാടിയായി സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ, കാസർകോട് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കരുതി അജണ്ടയിൽ ഇല്ലാതെ തിരുകി കയറ്റുകയായിരുന്നു.

Tags:    
News Summary - 'Who are you?'-Professor's question to student who criticized the book Modi @20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.